India Kerala

തന്റെ ആവശ്യപ്രകാരമല്ല അധ്യാപകൻ പരീക്ഷയെഴുതിയത്; വെളിപ്പെടുത്തലുമായി വിദ്യാര്‍ഥി

കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ അധ്യാപകനെ തള്ളി വിദ്യാര്‍ത്ഥി രംഗത്ത്. തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷ എഴുതിയത്. ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും അധ്യാപകന്‍ തന്റെ ഉപരിപഠനം പ്രതിസന്ധിയിലാക്കുയാണ് ചെയ്തതെന്നും വിദ്യാര്‍ഥി പറഞ്ഞു.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരമാണ് താന്‍ പരീക്ഷയെഴുതിയതെന്നായിരുന്നു നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് പറഞ്ഞിരുന്നത്. . എന്നാല്‍ തന്റെ ആവശ്യപ്രകാരമല്ല അധ്യാപകന്‍ പരീക്ഷയെഴുതിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. നന്നായി പഠിച്ച് പരീക്ഷയെഴുതിയതിനാല്‍ വിജയിക്കുമെന്ന് തനിക്കുറപ്പുണ്ടായിരുന്നു. പരീക്ഷ ഫലം തടഞ്ഞ് വെച്ചതിനെ കുറിച്ച് താന്‍ പ്രിന്‍സിപ്പലിനോട് അന്വേഷിച്ചപ്പോള്‍ സാങ്കേതികമായ പ്രശ്നമാണെന്നാണ് പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലൂടെയാണ് സംഭവമറിഞ്ഞതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഇത്തരം വിഷയം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നിഷാദ് വി മുഹമ്മദിന് പുറമെ പരീക്ഷ ചീഫ് സൂപ്രണ്ടും സ്കൂള്‍ പ്രിന്‍സിപ്പലുമായ വി റസിയ, ഡപ്യൂട്ടി ചീഫ് സൂപ്രണ്ട് പി.കെ ഫൈസല്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡി.ജി.പിക്ക് പരാതി നല്കും.