രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ഉടന്‍ മാറുകയാണ്. ഈ സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം വാഹനങ്ങളുടെ രെജിസ്‌ട്രേഷന്‍ നമ്പരുകള്‍ ‘വാഹന്‍’ സോഫ്റ്റ് വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും അടച്ച് തീര്‍ക്കണം. പിഴ തുക അടക്കാതെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് തടസ്സങ്ങള്‍ ഉണ്ടാക്കും.
വാഹനത്തിന് ഇതുവരെ ലഭിച്ചിരിക്കുന്ന എല്ലാ പിഴത്തുകകളും മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റായ www.mvd.kerala.gov.in ല്‍ ‘Fine Remittance Camera Surveilance’ എന്ന ലിങ്കിലൂടെ അറിയാന്‍ കഴിയും. ശിക്ഷാര്‍ഹരായവര്‍ ഉടന്‍ പിഴയടച്ച് നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്നും ഇത് സംബന്ധിച്ച് മറ്റൊരു അറിയിപ്പ് ഉണ്ടാകുകയില്ലെന്നുമാണ് മോട്ടോര്‍വാഹനവകുപ്പ് അറിയിക്കുന്നത്.