India Kerala

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി ചേരുമെന്നും ഇതിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. 10 മണിക്ക് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരും.

രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച ചെയ്തു. എന്നിട്ടും 16 സീറ്റിലും ഒരു പേര് എന്ന നിലയിലേക്കെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒന്നിലധികം പേരുകളുള്ളിടത്ത് തീരുമാനം എടുക്കുക തെരഞ്ഞെടുപ്പ് സമിതി ആയിരിക്കും. കെ.സി വേണുഗോപാലിന്റെയും ഉമ്മൻചാണ്ടിയുടെയും സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനവും സമിതി എടുക്കും. ആലപ്പുഴ, ഇടുക്കി, ചാലക്കുടി, വടകര, വയനാട്, എറണാകുളം സീറ്റുകളിൽ ആണ് ഒന്നിലധികം പേരുകൾ ഉള്ളത്.

വയനാട് , കെ.സി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ടി സിദ്ധിക്കിനാണ് സാധ്യത. വടകരയിൽ സിദ്ദീഖിന്റ പേരുണ്ടെങ്കിലും താൽപര്യമില്ല എന്നാണ് വിവരം. വടകരയിൽ ആരെ നിർത്തുമെന്നത് നേത്യത്വത്തെ കുഴക്കുന്നുണ്ട്. ഷാനിമോളെ ആലപ്പുഴയിൽ പരിഗണിച്ചേക്കും. എറണാകുളത്ത് കെ.വി തോമസിനൊപ്പം ഹൈബി ഈഡന്റെ പേരും ശക്തമാണ്.


ചാലക്കുടിയിൽ ബെന്നി ബെഹനാനാന്ന് സാധ്യത. ഈഴവ പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചാൽ കെ.പി ധനപാലൻ വരും. ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ആന്റോ ആന്റണി പത്തനംതിട്ടയിൽ തുടരും. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകൾ ആണ് ഉള്ളത്. നേതാക്കൾ തമ്മിൽ അനൗപചാരിക ചർച്ചകൾ തുടരുന്നുണ്ട്. ഇതിലും ധാരണയായില്ലെങ്കിൽ തെരഞ്ഞെടുപ്പ് സമിതിയിൽ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകം ആകും. തെരഞ്ഞെടുപ്പ് സമിതി പട്ടികക്ക്‌ അംഗീകാരം നൽകി ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം