കൊറോണ ബാധിച്ച് തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളജുകളില്‍ കഴിയുന്ന രണ്ട് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സജീവമായി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊറോണ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പരിപാടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ആലപ്പുഴയിൽ 14 അംഗ സർവൈലൻസ് കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങളും ക്ലാസ്സുകളും നടന്നു വരികയാണ്.
125 പേർ ആലപ്പുഴയിലും 174 പേർ തൃശൂരിലും നിരീക്ഷണത്തിലുണ്ട്. ഇതിൽ തന്നെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 28 ദിവസം മറ്റുള്ളവരുമായി ഇടകലരാതെ കഴിയണമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ചൈനയിൽ നിന്നോ രോഗബാധ കണ്ടെത്തിയ മറ്റു രാജ്യങ്ങളിൽ നിന്നോ എത്തിയവർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശവും നൽകി. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകളുടെ പരിശോധന ആരംഭിച്ചു.