കാസര്‍കോട് കള്ളവോട്ട് ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ ശ്യാം കുമാറിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലത്തും മാവേലിക്കരയിലും സി.പി.എം കള്ളവോട്ട് ചെയ്തെന്ന യു.ഡി.എഫ് പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി.
കള്ളവോട്ട് ചെയ്തതില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് ജില്ലാ നേതൃത്വം പരിശോധിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. തൃക്കരിപ്പൂർ ചീമേനി 48ാം നമ്പർ ബൂത്തിൽ ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയിരുന്നു.
ആൾമാറാട്ടം, വ്യാജ വോട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ചീമേനി പൊലീസ് കേസെടുത്തത്. ഈ ബൂത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാസര്‍കോട് കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.