India Kerala

കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്‍.എസ്.എസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ അക്കൌണ്ട് തുറക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്‍.എസ്.എസ്. മഹാശക്തി കേന്ദ്ര,ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്‍.എസ്.എസ് എസ് മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നത്.ഉത്തര മേഖല,മധ്യമേഖല,ദക്ഷിണ മേഖല എന്നിവ തിരിച്ച് എ.എന്‍ രാധാകൃഷ്ണന്‍,കെ.സുരേന്ദ്രന്‍,എം.ടി രമേശ് എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി.

ആര്‍.എസ്.എസ് നേരിട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ഏത് വിധേനയും അക്കൌണ്ട് തുറക്കുകയാണ് ലക്ഷ്യം. ഹിന്ദു സംഘടനകളുടെ ഏകീകരണമുണ്ടങ്കില്‍ ലോക്സഭയിലേക്ക് ആളെ എത്തിക്കാന്‍ പറ്റുമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.

ഇതിന് വേണ്ടിയാണ് മഹാ ശക്തി കേന്ദ്ര, ശക്തി കേന്ദ്രയും രൂപീകരിച്ചത്. ആര്‍.എസ്.എസ് പ്രമുഖ് നേതൃത്വം കൊടുക്കുന്ന മഹാശക്തി കേന്ദ്രമെന്ന പേരിലുള്ള ഒരു സംഘത്തില്‍ മൂന്ന് പേരാവും ഉണ്ടാവുക.ഒരു നിയമസഭ മണ്ഡലത്തില്‍ അങ്ങനയുള്ള എട്ട് സംഘങ്ങള്‍.ഇതിന് കീഴിലായി ബൂത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശക്തി കേന്ദ്രങ്ങളും ഉണ്ടാവും. ബി.ജെ.പിയുടേയും മറ്റ് ഹിന്ദു സംഘടനകളുടേയും ഇടയിലുള്ള പാലമായിട്ടാരിക്കും മഹാശക്തി കേന്ദ്രയുടേയും ശക്തി കേന്ദ്രയുടേയും പ്രവര്‍ത്തനം. മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരിലേക്കും നേരിട്ട് പ്രചരണമെത്തിയെന്ന് ഈ ടീം ഉറപ്പ് വരുത്തും. വോട്ടര്‍ ലിസ്റ്റിലെ ഓരോ പേജും ഓരോ ആര്‍.എസ്.എസ് പ്രമുഖിന് വീതിച്ചു നല്‍കിയിട്ടുണ്ട്. ആ പേജിലുള്ള മുഴുവന്‍ വോട്ടര്‍മാരുടെയും വീട്ടില്‍ നേരിട്ടെത്തി വോട്ട് ഉറപ്പിക്കല്‍ ഈ പേജ് പ്രമുഖിന്റെ ചുമതലയാണ്.

ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കര്‍ണാടകയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഇതേ രീതിയിലായിരുന്നു ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം.തീരദേശമേഖല ഉള്‍പ്പെടുന്ന 21 സീറ്റുകളില്‍ 17 എണ്ണത്തിലും ബി.ജെ.പിയുടെ വിജയം ഉറപ്പിച്ചത് ഈ പ്രവര്‍ത്തനത്തിന്റെ ഫലമായാണെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍.