അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടില്‍ വിജിലൻസ് നടത്തിയ പരിശോധനയില്‍ നിർണ്ണായകമായ രേഖകൾ ലഭിച്ചതായി സൂചന. 17 മണിക്കൂര്‍ നീണ്ട പരിശോധന ഇന്നലെ അര്‍ധരാത്രിയാണ് അവസാനിച്ചത്. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമേ ബിനാമി ഇടപാടുകള്‍ സ്ഥിരീകരിക്കാനാകൂ എന്ന് വിജിലൻസ് വ്യക്തമാക്കി.
രാവിലെ 8 മണിയോടെയാണ് ശാസ്തമംഗലം ശ്രീരംഗം ലെയിനിലുള്ള വി.എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡിനെത്തിയത്. കേസിൽ ശിവകുമാറിനോടൊപ്പം പ്രതി ചേർത്ത ഡ്രൈവറായ ഷൈജു ഹരൻ, എൻ.എസ്.ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി. ആരോഗ്യ-ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ വിവരങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. ശിവകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്റ് വീടും, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ ഓഫീസ് പണിയാനായി വാങ്ങിയ ഭൂമിയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ശിവകുമാറിനും പ്രതികൾക്കും അക്കൗണ്ടുകൾ ഉള്ള ബാങ്കുകളിൽ നിന്നും, ഭൂമി ഇടപാടുകൾ നടന്ന റജിസ്ട്രാർ ഓഫിസുകളിൽ നിന്നുമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം ശേഖരിച്ച് തുടങ്ങിയിരുന്നു. തെളിവ് ശേഖരണം പൂർത്തിയായ ശേഷമായിരിക്കും ശിവകുമാറിനെ ചോദ്യം ചെയ്യാൻ വിജിലൻസ് നോട്ടീസ് നൽകുക. വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി.വി.എസ്.അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അതെ സമയം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ പ്രതികരിച്ചു. മോദിയെ പോലെയാണ് പിണറായി വിജയന്‍ എതിരാളികളെ വേട്ടയാടുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.