Kerala

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി; ആർഎസ്എസിനെയും നിരോധിക്കണം: രമേശ് ചെന്നിത്തല

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുപോലെ ആർഎസ്എസിനെയും നിരോധിക്കണം. വർഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും തങ്ങൾ എതിർക്കുന്നു എന്നും ചെന്നിത്തല ഭാരത് ജോഡോ യാത്രക്കിടെ പ്രതികരിച്ചു. (ramesh chennithala popular front)

ആർഎസ്എസും പോപ്പുലർ ഫ്രണ്ടും ഒരുപോലെ എതിർക്കപ്പെടണമെന്ന് ചെന്നിത്തല പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. ഇതുപോലെ ആർഎസ്എസിനെയും നിരോധിക്കണം. ഇവിടെ വർഗീയത ആളിക്കത്തിക്കുന്ന കാര്യത്തിൽ പോപ്പുലർ ഫ്രണ്ടും ആർഎസ്എസും ഒരുപോലെ കുറ്റക്കാര് തന്നെയാണ്. രണ്ട് പേരുടെയും സമീപനം തെറ്റാണ്. കോൺഗ്രസ് പാർട്ടി എന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾക്ക് എതിരാണ്. വർഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും ഞങ്ങൾ എതിർക്കുന്നു. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ നേരിടുന്ന കാര്യത്തിൽ കേരള സർക്കാർ കാണിച്ച അലംഭാവം ഇന്നും ജനങ്ങൾ ഏറെ ചർച്ച ചെയ്യുന്ന കാര്യമാണ്. അതുകൊണ്ട് ഏത് തരത്തിലുള്ള വർഗീയതയെയും അവസാനിപ്പിക്കണം, ചെറുക്കണം എന്ന നിലപാട് തന്നെയാണ് കോൺഗ്രസ് പാർട്ടിയ്ക്കുള്ളത്. ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ നിരോധിച്ചതുകൊണ്ട് മാത്രമാകുന്നില്ല. അവര് വേറൊരു പേരിൽ വരും. കഴിഞ്ഞ തവണ സിമിയെ നിരോധിച്ചു. അപ്പോ പോപ്പുലർ ഫ്രണ്ടിൻ്റെ പേരിൽ വന്നു. രാജ്യത്ത് ജനങ്ങളിൽ വർഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് മതേതര ശക്തികൾ ഒരുമിച്ച് നിൽക്കണം എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണ്. അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവർത്തനം. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടന പരിശീലനം നടത്താൻ ക്യാമ്പുകൾ നടത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു. ഇപ്പോൾ നിരോധിച്ചില്ലെങ്കിൽ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എൻഐഎ, ഇഡി തുടങ്ങിയ ഏജൻസികൾ റിപ്പോർട്ട് നൽകി.