ക്രൈസ്തവ സഭയിലെ ജോലിചെയ്യുന്ന പുരോഹിതരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും വരുമാന നികുതി പിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധി കേരളത്തിലും ബാധകമാക്കണമെന്നാവശ്യം. ജോയിന്റ് ക്രിസ്റ്റ്യന്‍ കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് ജോസഫ് വെളിവില്‍ ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കാനോന്‍ നിയമത്തിനതീതമായി നികുതി പിരിക്കാമെന്നാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെ ശമ്പളത്തിൽ നിന്ന് നികുതി പിരിക്കരുതെന്ന കോടതിയുത്തരവിനെതിരെ ഇന്‍കം ടാക്സ് വകുപ്പ് നല്കി അപ്പീലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയുണ്ടായത്. നികുതി വകുപ്പിന് നിയമം നടപ്പാക്കാൻ കാനോൻ നിയമം പരിശോധിക്കേണ്ട ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധി കേരളത്തിലെ പുരോഹിതന്മാര്ക്കും കന്യാസ്ത്രീകള്‍ക്കും കൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ടാണ് ജോയിന്റ് ക്രിസ്റ്റ്യന്‍ കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് ജോസഫ് വെളിവില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
ഒരാൾ കന്യാസ്ത്രിയോ മിഷനറിയോ ആയിത്തീരുമ്പോൾ ദാരിദ്ര്യ വ്രത വാഗ്ദാനത്തിലൂടെ ഭൗതിക ജീവിതം അവസാനിച്ചു എന്ന നിലയ്ക്ക് വരുമാനം സഭയുടെ ആവശ്യത്തിന് വിനിയോഗിക്കപ്പെടുകയാണ്. പ്രൊവിഡന്റ് ഫണ്ട് പോലത്തെ സുരക്ഷിതമായ അക്കൌണ്ടുകളോ സന്യാസ സമൂഹത്തിലെ വരുമാനമുളള ആളുകള്‍ക്ക് ലഭിക്കുന്നുമില്ല. ഈ വിഷയം കൂടി സര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവണമെന്ന് ആവശ്യമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.