ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര് അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയടക്കമുള്ള ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമി… എകെജി, അഴീക്കോടന്‍ രാഘവന്, ഇകെ നായനാര്‍, ചടയന്‍ ഗോവിന്ദന്, എന്‍സി ശേഖര്‍, പാമ്പന്മാധവന്, എംവി രാഘവന്, കെ ജിമാരാര്‍, ഒ ഭരതന് തുടങ്ങി പയ്യാമ്പലത്തെ ഓരേ തിരയിലും ഉണരുന്ന സ്മരണയ്ക്ക് സാംസ്കാരിക, രാഷ്ട്രീയ കേരളത്തിന്റെ ആഴവും പരപ്പുമുണ്ട്.
മുന്‍മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായി കോടിയേരിക്ക് ചിതയൊരുക്കും. ഇവിടെ സംസ്കാരച്ചടങ്ങുകള്‍ക്കായി വലിയ പന്തലുയര്‍ന്നിട്ടുണ്ട്. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍സ്റ്റേജില്‍ അനുശോചനയോഗം ചേരും. അവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. അനുശോചനയോഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയുടെ ഭൗതികശരീരം സ്വവസതിയില്‍ എത്തിക്കും. രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. ധീരസഖാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരക്കണക്കിനാളുകള്‍ കണ്ണൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി ബാലകൃഷ്ണന് വിടവാങ്ങിയത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.