ചെയര്മാന് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു. സി.എഫ് തോമസ് എം.എല്‍.എയെ ചെയര്‍മാനാക്കാനുളള നീക്കത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിച്ചേക്കില്ല. മാണിയുടെ നാല്പത്തിയൊന്നിന് ശേഷം സംസ്ഥാന സമിതി വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ് ജോസഫ് വിഭാഗം.
ചെയര്മാന് സ്ഥാനത്തേക്ക് സി. എഫ് തോമസിനെ കൊണ്ട് വരുന്നതിനോട് പി.ജെ ജോസഫിന് താല്പര്യമുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലിമെന്ററി പാര്‍ട്ടി സ്ഥാനവും ഡപ്യൂട്ടി ചെയര്മാന് സ്ഥാനവും സ്വന്തമാക്കാന്‍ സാധിക്കുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം നിര്‍ത്തുന്നതിലൂടെ ഇത് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വൈസ് ചെയര്മാന് അധികാരമുണ്ടെന്ന് ജോയ് എബ്രഹാം വ്യക്തമാക്കിയതോടെ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള ശ്രമം ജോസഫ് വിഭാഗം നടത്തി. എന്നാല്‍ കോടതി വിധി നേടിയാണ് ഇതിനെ മാണി വിഭാഗം തടഞ്ഞിരിക്കുന്നത്. കെ.എം മാണിയുടെ നല്പത്തിയൊന്ന് കഴിയുന്നതോടെ സംസ്ഥാന സമിതി വിളിക്കാനാണ് ഇവരുടെ നീക്കം.
സി.എഫ് തോമസിനെ ചെയര്‍മാനായി കൊണ്ടു വന്നാലും പാര്‍ട്ടി കൈവിട്ട് പോകുമെന്നാണ് ജോസ് കെ മാണിവിഭാഗംപറയുന്നത്. അത്കൊണ്ട്തന്നെ സംസ്ഥാന സമിതിയിലും സ്റ്റിയിറിംഗ് കമ്മിറ്റിയിലുമുളള ഭൂരിപക്ഷം ഉപയോഗിച്ച് കരുക്കള്‍ നീക്കാനാണ് ജോസ് കെ മാണി വിഭാഗം ശ്രമിക്കുന്നത്. അടുത്ത ആഴ്ച നടക്കുന്ന കെ എം മാണിയുടെ നാല്പത്തിയൊന്നിന് ശേഷം തുറന്ന പോരിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. ജോസ് കെ .മാണി വിഭാഗം സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് ജോസഫ് വിഭാഗം പോയേക്കാം.