തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലും മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നു. മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് ഏഴു പേരും കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേരും മരിച്ചു. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കാര്‍ഷിക മേഖലയ്ക്കാണ് കൂടുതല്‍ നാശനഷ്ടം നേരിടുന്നത്. റോഡ്, തീവണ്ടി ഗതാഗതം താറുമാറായി.
മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് ഇന്ന് 9 പേര്‍ മരിച്ചത്. മുപ്പത് പേരുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. പതിനാറ് പേരെ രക്ഷപ്പെടുത്താനായതായും ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ വെള്ളപ്പൊക്കത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 25 ആയി. കനത്ത മഴയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കായിയതായി റെയില്‍വേ അറിയിച്ചു. രണ്ട് ദിവസത്തേക്ക് കൂടി കൊങ്കണ്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് 1.32 ലക്ഷത്തോളം ആളുകളെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. കര, നാവിക, വ്യോമസേനയോടൊപ്പം ദേശീയ ദുരന്ത നിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തേനി, കമ്പം, നീലഗിരി തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ രൂക്ഷമായി തുടരുന്നത്. കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷനിലെ പാഴ്സല്‍ ബുക്കിങ് കേന്ദ്രത്തിന്റെ മേല്‍ക്കൂര അടര്‍ന്നു വീണാണ് രണ്ടു പേര്‍ മരിച്ചത്. കേന്ദ്രത്തിലെ ജീവനക്കാരായ ഇബ്രാഹിം, പവിഴമണി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാജുവിനെ ഗുരുതര പരുക്കുകളോടെ കോയന്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലഗിരിയിലും മഴ ശക്തമായി തുടരുകയാണ്. മണ്ണിടിച്ചില്‍ കാരണം തീവണ്ടി ഗതഗാതം താറുമാറായി.
കര്‍ണാടകയിലെ കൊടുക് മേഖലയിലാണ് കാര്യമായി മഴയുള്ളത്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമാണ്. ഉരുള്‍പൊട്ടലുമുണ്ടായി. ഗതാഗതത്തിനൊപ്പം വൈദ്യുതി, ടെലഫോണ്‍ ബന്ധങ്ങളും വിച്ഛേദിയ്ക്കപ്പെട്ടു. വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള കുട്ട, ഗോണിക്കുപ്പ റോഡ് വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചു. മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ, പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.
ഒഡീഷയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ ശക്തമാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീവണ്ടി, റോഡ് ഗതാഗതങ്ങള്‍ക്ക് വലിയ തടസം നേരിടുന്നുണ്ട്. ഇന്നു മാത്രം ഏഴ് തീവണ്ടികള്‍ പൂര്‍ണമായും പന്ത്രണ്ട് എണ്ണം ഭാഗീകമായും റദ്ദാക്കി. 13 തീവണ്ടികള്‍ വഴി തിരിച്ചുവിട്ടു. സംസ്ഥാനത്തെ വിവിധ മേഖകള്‍ പ്രളയസമാനമായ സാഹചര്യത്തിലാണ് ഉള്ളത്. ഇവിടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.