India National

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ച ഇന്ന്: രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം കേരളം മുന്നോട്ടുവെക്കും

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം നിര്‍ദേശമായി മുന്നോട്ടുവെക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഉന്നയിക്കും. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി വെക്കും. ഇന്ന് വൈകിട്ട് 3 മണിക്കാണ് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ്.

രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തെക്കുറിച്ചും ലോക്ക്ഡൌണ്‍ ഇളവുകളെകുറിച്ചും ചര്‍ച്ച നടക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ വരവ് സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ചാകും കേരളം കാതോര്‍ക്കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം നിര്‍ദേശമായി മുന്നോട്ടുവെക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം ഇന്ത്യന്‍ എംബസികള്‍ക്ക് എത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സൌദി അറേബ്യ ജൂണ്‍ 20 മുതല്‍ മലയാളി യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് മുന്നില്‍ വെക്കുന്ന നിര്‍ദേശം അംഗീകരിക്കപ്പെടാനാണ് സാധ്യത. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാമെന്നതാണ് സര്‍ക്കാരിന്‍റെ മറ്റൊരു നിര്‍ദേശം. ലോകത്തുടനീളം രോഗികളുടെ യാത്ര വിലക്കിയ സാഹചര്യത്തില്‍ ഈ നിര്‍ദേശം അംഗീകരിക്കപ്പെടുമോ എന്നത് കണ്ടറിയേണ്ടതാണ്.

ഡല്‍ഹി ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ട്രെയിന്‍ സര്‍വീസ് പൂര്‍ണതലത്തിലാക്കരുത് തുടങ്ങിയ കാര്യങ്ങളും സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍വെക്കും. സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്ര സഹായവും ആവശ്യപ്പെടും. കോവിഡ് ലോക് ഡൌണ്‍ സാഹചര്യത്തില്‍ ഇത് നാലാമത്തെ തവണയാണ് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായാണ് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നടക്കം 21 മുഖ്യമന്ത്രിമാർ യോഗത്തില്‍ പങ്കെടുക്കും. രോഗബാധ രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച നാളെയാണ്.

രാജ്യത്ത് കോവിഡ് മരണം പതിനായിരത്തോട് അടുത്തിരിക്കുകയാണ്. 11000 ന് മുകളിൽ പ്രതിദിനം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നു. രോഗബാധ രൂക്ഷമായ മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിനപ്പുറമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

രോഗബാധയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്ത് സംസ്ഥാനങ്ങളെ രണ്ടായി തിരിച്ചാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 21 മുഖ്യമന്ത്രിമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. രോഗവ്യാപനം, പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സാ സൗകര്യ കുറവ്, കോവിഡ് പരിശോധന, അടച്ചുപൂട്ടൽ ഇളവുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, തുടങ്ങിയവ ചർച്ചയാകും. മഹാരാഷ്ട്ര, തമിഴ്‍നാട്, ഡൽഹി ഉൾപ്പെടെ കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ച നാളെയാണ്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചതിനാൽ എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം ലഭിക്കും.

രോഗബാധ പാരമ്യത്തിലേക്കെത്തുന്നതിനാൽ യോഗം നിർണായക തീരുമാനങ്ങൾ എടുത്തേക്കാം. മഹാരാഷ്ട്ര, തമിഴ്‍നാട്, ഡൽഹി, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാണ്. മഹാരാഷ്ട്രയിൽ കോവിഡ് മരണം നാലായിരം കടന്നു. 187 പേർ കൂടി മരിച്ചതോടെ ആകെ മരണം 4128 ആയി. 2786 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചതോടെ രോഗികൾ 1.10 ലക്ഷം ആയി. ഡൽഹിയിൽ 73 മരണവും 1467 പുതിയ കേസുകളും കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 42, 829 ഉം മരണസംഖ്യ 1400 ആയും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 6105 സാമ്പിൾ പരിശോധന മാത്രമാണ് നടന്നത്.