India Sports

പുല്ലൂരാമ്പാറയില്‍ നിന്ന് ഫിനിഷിങ് പോയിന്‍റിലേക്ക്; തുഴഞ്ഞ് നേടിയ വിജയവുമായ് കയാക്കിങ് ബ്രദേഴ്സ്!

പൊതുവേ കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കായിക ഇനമാണ് കയാക്കിങ്. എന്നാല്‍ കളിക്കളത്തിലെ പ്രശസ്തിയെ ആഗ്രഹിക്കാതെ സാഹസികതയെ മാത്രം മുന്നില്‍ക്കണ്ട് കൊണ്ട് കോഴിക്കോടു നിന്ന് രണ്ടു സഹോദരങ്ങള്‍ നേടുന്ന വിജയം ഏറെ വിസ്മയിപ്പിക്കുന്നതാണ്. ഏറ്റവും അപകടം പിടിച്ച കായിക ഇനങ്ങളില്‍ ഒന്നാണ് കയാക്കിങ്, അതില്‍ തന്നെ വൈറ്റ് വാട്ടര്‍ കയാക്കിങില്‍ നേരിടേണ്ടി വരുന്നത് കൂറ്റന്‍ പാറകളെയും ഭയാനകമായ ഒഴുക്കിനെയുമൊക്കെയാണ്. ഇതിനെയൊക്കെ തരണം ചെയ്താണ് കോഴിക്കോട് പുല്ലൂരാമ്പാറയില്‍ നിന്ന് നിഥിന്‍ ദാസും നിഖില്‍ ദാസും കയാക്കിങില്‍ വിജയഗാഥ രചിക്കുന്നത്.

ഏറ്റവും അവസാനം രണ്ടു പേരും ചേര്‍ന്നു തുഴഞ്ഞ് നേടിയത് എറണാകുളത്ത് വെച്ചു നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ കയാക്കിങ് ഇവന്‍റിലെ ഒന്നും രണ്ടും സഥാനങ്ങളാണ്. സിംഗിള്‍ ഇനത്തില്‍ നിഥിന്‍ ഒന്നാമതായും നിഖില്‍ രണ്ടാമതായുമാണ് ഫിനിഷ് ചെയ്തത്. രണ്ടു പേര്‍ അടങ്ങുന്ന ഗ്രൂപ്പ് ഇനത്തില്‍ സഹോദരന്മാര്‍ ഒരുമിച്ചു തുഴഞ്ഞ കയാക്ക് ഒന്നാമതെത്തി.

ഐ.പി.എല്‍ മാതൃകയില്‍ കേരള ടൂറിസം വകുപ്പ് നടത്തുന്ന ചുണ്ടന്‍ വള്ളം കളിയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്. കേരള ടൂറിസം വകുപ്പിന്‍റെയും ഡിസ്ട്രിക് ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെയും നേതൃത്തില്‍ നടത്തി വരുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ സബ്സിഡറി ഇനമായാണ് കയാക്കിങ് മത്സരം നടത്താറുള്ളത്.

കോഴിക്കോട് തിരുവമ്പാടി-പുല്ലൂരാമ്പാറ സ്വദേശികളായ നിഥിനും നിഖിലിനും കായിക രംഗത്ത് പൂര്‍ണ പിന്തുണയുമായി മാതാപിതാക്കളായ മാര്‍ട്ടിനും മിനിയുമുണ്ട്. മക്കളുടെ നേട്ടങ്ങളില്‍ സന്തുഷ്ടരാണെന്ന് ഇവര്‍ പറയുന്നു. നിഥിന്‍ ദാസ് സ്വകാര്യ ഷോറൂമിലെ മെക്കാനിക് ആണ്, അനിയന്‍ നിഖില്‍ ദാസ് രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയും. 22 കാരനായ നിഥിന്‍ 2016 മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഇന്‍റര്‍മീഡിയേറ്റ് മത്സരത്തില്‍ മൂന്നാം സഥാനം കരസ്ഥമാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നടന്ന മത്സരത്തിന്‍റെ സൂപ്പര്‍ ഫൈനല്‍സിലെത്തിയ ഏക മലയാളി കൂടിയാണ് നിഥിന്‍ ദാസ്. കാളി കയാക്ക് ഫെസ്റ്റിവെലിന്‍റെ മാരത്തണ്‍ ഇനത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കയാക്കിങിലെ മികവിന് ഇളയ സഹോദരനായ നിഖില്‍ ദാസിന് ചാനല്‍ പ്ലേയുടെ ഫസ്റ്റ് ലെവല്‍ സ്കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്.