India

ജമ്മുകശ്മീരും ല‍ഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ജമ്മുകശ്മീരും ല‍ഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജമ്മുകശ്മീര്‍ നിയമസഭയോടുകൂടിയ കേന്ദ്രഭരണപ്രദേശമാകുമ്പോള്‍ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദഭരണപ്രദേശമാകും. ഇരു കേന്ദ്രഭരണപ്രദേശങ്ങളിലെയും ഗവര്‍ണര്‍മാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിന വാര്‍ഷിക ദിനത്തിലാണ് ലഡാക്കും ജമ്മുകശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി പ്രാബല്യത്തില്‍ വരുന്നത്. ഗുജറാത്ത് കേഡര്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ജി.സി മുര്‍മു ജമ്മുകശ്മീരിലെ ആദ്യ ലെഫ്റ്റനന്‍റ് ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ലഡാക്കിലെ ലെഫ്റ്റനന്‍റ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത് മുന്‍ ത്രിപുര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥാനായ ആര്‍.കെ മാഥൂര്‍ ആണ്. പ്രധാനപ്പെട്ട നേതാക്കളാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നില്ലയെന്നത് ശ്രദ്ധേയമാണ്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ചേര്‍ന്ന ആദ്യ പാര്‍ലമെന്‍റ് യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അനുച്ഛേദം 370 റദ്ദാക്കിയ നിര്‍ണ്ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ ജമ്മുകാശ്മീരിലേക്ക് വലിയ വികസനമെത്തുമെന്നാണ് മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ വലിയ നിയന്ത്രണങ്ങളാണ് ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ല, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങി നിരവധി നേതാക്കളെ സര്‍ക്കാര്‍ തടവിലാക്കി. ചിലരെ വിട്ടയച്ചുവെങ്കിലും മുന്‍മുഖ്യമന്ത്രിമാര്‍ അടക്കമുള്ള പലരും ഇപ്പോഴും തടവിലാണ്. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം മൂന്ന് മാസത്തിനിപ്പുറമാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. ജമ്മുകശ്മീരിലും രാജ്യത്തിന്‍റെ തന്ത്രപ്രധാനമേഖലകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.