India National

തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു, മോഷണക്കുറ്റം ചുമത്തി മര്‍ദ്ദിച്ചു; പരാതിയുമായി ഡല്‍ഹിയിലെ കശ്മീരി യുവതി

വീട്ടുടമ തന്നെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും മോഷണക്കുറ്റം ചുമത്തി മര്‍ദ്ദിച്ചതായും ഡല്‍ഹിയില്‍ വാടകക്ക് താമസിക്കുന്ന കശ്മീരി യുവതിയുടെ പരാതി. തെക്കന്‍ ഡല്‍ഹിയിലെ കൈലാഷ് ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വാടകക്ക് താമസിക്കുന്ന യുവതിക്കാണ് അധിക്ഷേപം നേരിട്ടത്.

22കാരിയായ നൂര്‍ എന്ന യുവതിയുമാണ് വീട്ടുടമക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി എന്റെ വീട്ടിലെത്തിയ ഞങ്ങളുടെ വീട്ടുടമസ്ഥ എന്നെയും സുഹൃത്തുക്കളെയും തീവ്രവാദികള്‍ എന്നു വിളിച്ചു ആക്ഷേപിച്ചു. ഞങ്ങള്‍ കശ്മീരില്‍ നിന്നായതാണ് ഇതിന് കാരണം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ചായിരുന്നു ഈ അധിക്ഷേപമെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു.

തങ്ങളുടെ ഫര്‍ണിച്ചറുകള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് വീട്ടുടമസ്ഥ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്നും മര്‍ദ്ദിച്ചതെന്നും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് യുവതി അമര്‍ കോളനി പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹി പൊലീസ് എഫ്.ഐ,ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.യുവതിക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ഡല്‍‌ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ മുതലാണ് യുവതിക്ക് വീട് വാടകക്ക് നല്‍കിയതെന്നും എന്നാല്‍ ആഗസ്ത് മുതല്‍ വാടക നല്‍കിയിട്ടില്ലെന്നും വീട്ടുടമസ്ഥ തരുണ മഖിജ പറഞ്ഞു. 55,000 രൂപയാണ് പ്രതിമാസ വാടക. ആയിരക്കണക്കിന് രൂപ വൈദ്യുതി ബില്‍ വന്നിട്ടും അടക്കാത്തതുകൊണ്ട് വൈദ്യതി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആളുകള്‍ വന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്നും തരുണ പറഞ്ഞു. എന്നാല്‍ താനും സുഹൃത്തും വാടക അടച്ചതായും അതിന് തെളിവുകൾ ഉണ്ടെന്നും യുവതി പറഞ്ഞു. പരാതി നൽകുന്നതിനിടെ തെളിവുകളും പൊലീസിന് കാണിച്ചതായും അവർ പറഞ്ഞു.

അതേസമയം, വീട്ടുടമ പൊലീസിൽ പരാതി നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് പരാതികളും അന്വേഷിക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

So my landlady enters my house along with a man , that i have never seen in my whole life and starts to call me and my friends ‘TERRORISTS’ just because we are from KASHMIR that too, in front of a police official. They trespassed, broke in and our money, furniture.— Noor (@noorbhat1998) October 14, 2020