India National

നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കശ്മീരി ജനത രണ്ടാം ആഴ്ചയിലേക്ക്

സുരക്ഷ നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കശ്മീരി ജനത രണ്ടാം ആഴ്ചയിലേക്ക്. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിന് ശേഷവും ഇളവുകള്‍ ഉണ്ടായില്ല. നിരോധനാജ്ഞയും റദ്ദാക്കിയ ഗതാഗതവും ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചിട്ടില്ല. ജമ്മുകശ്മീര്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ വാദം.

സുരക്ഷ നിയന്ത്രണങ്ങള്‍ക്കിടയില്‍ നിന്നും എന്ന് മോചിതരാകുമെന്ന ആശങ്കയിലാണ് ജമ്മു കശ്മീര്‍ ജനത. ബലി പെരുന്നാളോടെ സുരക്ഷ നിയന്ത്രങ്ങള്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷ മങ്ങി. നമസ്‌കാര സമയം പിന്നിട്ട ഉടനെ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചു. സുരക്ഷ ഉപദോഷ്ടാവ് അജിത് ദോവല്‍ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി ശ്രീനഗറില്‍ അവലോകന യോഗം ചേര്‍ന്നെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുണ്ടായില്ല.

തടവിലുള്ള ഫറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ കുറിച്ച് വിവരമില്ല. ശനിയാഴ്ച മേഖലയില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രങ്ങള്‍ തുടരുന്നത്.

സര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്. സംസ്ഥാനം ശാന്തമാണെന്നാണ് ആഭ്യന്തരമന്ത്രിയും ഗവര്‍ണര്‍ സത്യപാല്‍മല്ലിക്കും ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിയും കശ്മീരിനെ കുറിച്ച് നടത്തുന്ന പ്രതികരണങ്ങള്‍ തെറ്റാണെന്നും ഗവര്‍ണര്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സൈന്യം നല്‍കിയ ബലി പെരുന്നാള്‍ മധുരം പാക് സൈനികര്‍ നിഷേധിച്ചെന്നതടക്കമുള്ള വാര്‍ത്തകള്‍ പാക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണയാണെന്നാണ് കരസേനയുടെ വിശദീകരണം.

ഇതിനിടെ ജമ്മുകശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി എല്ലാ പാര്‍ട്ടികളോടും നിര്‍ദേശിച്ചിട്ടുണ്ട്.