ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ മൊബൈല്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. അടുത്ത ആഴ്ചയോടെ സ്കൂളുകളും പ്രവര്‍ത്തനം ആരംഭിച്ചേക്കും. ജമ്മുകശ്മീരില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ വസതിയില്‍ മന്ത്രിതലയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാക്കളും കുടുംബാംഗങ്ങളും ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്.
അതേസമയം ജമ്മുകശ്മീർ പി.സി.സിയുടെ വാർത്താ സമ്മേളനം തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ മാസം നാലിന് അര്‍ധ രാത്രിയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ അടക്കമുള്ള സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്.
ഭൂരിഭാഗം നിയന്ത്രണങ്ങളും തിങ്കളാഴ്ചയോടെ ഇല്ലാതാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. പക്ഷെ മുന്‍ മുഖ്യമന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. 400 പേരോളം വീട്ടു തടങ്കലിലുണ്ടെന്നാണ് വിവരം. അതേസമയം ജമ്മു കശ്മീർ പി.സി.സിയുടെ വാർത്താസമ്മേളനം തടഞ്ഞ് വക്താവ് രവീന്ദ്ര ശർമയെ കസ്റ്റഡിയിലെടുക്കുകയും സംഭവ സ്ഥലത്തേക്ക് തിരിച്ച പി.സി.സി അധ്യക്ഷൻ അഹമ്മദ് ഗുലാം നീറിനെ വീട്ടു തടങ്കലിൽ ആക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നടപടി ഭരണ ഘടനക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നാണ് കോൺഗ്രസ് പ്രതികരണം. സർക്കാർ ജനാധിപത്യത്തിന് തിരിച്ചടി നൽകുകയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
നടപടിക്രമ സമാധാനത്തിനു വേണ്ടി ആയിരുന്നു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇതിനിടെ സംസ്ഥാനത്ത് പാകിസ്താന്‍ പിന്തുണയോടെയുള്ള അക്രമസംഭവങ്ങള്‍ക്ക് സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി.