India National

കശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാതലത്തില്‍ ജമ്മുകശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത. അമർനാഥ് തീർത്ഥാടന പാതയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടര്‍ന്ന് കശ്മീരിലുള്ള തീർഥാടകരെയും വിദ്യാര്‍ത്ഥികളെയും ഒഴിപ്പിച്ചു തുടങ്ങി.

എന്നാൽ ജമ്മു കശ്മീരിൽ നടക്കുന്നത് അത്യന്തം രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗവര്‍ണറെ കാണും. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകര്‍, സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്.

ഗുൽമർഗിൽ നിന്നും ബസുകളിൽ ഹോസ്റ്റലുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. ശ്രീനഗര്‍ എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികളെയും തിരിച്ചയച്ചു. തീർഥാടകരും സഞ്ചാരികളും തിരിച്ചിറങ്ങി തുടങ്ങി. 35000 ട്രൂപ്പ് സേനയെയാണ് താഴ്‍വരയില്‍ വിന്യസിച്ചിട്ടുള്ളത്.

സാഹചര്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ‍പെട്രോള്‍ പമ്പുകളിലും എ.ടി.എമ്മുകളിലും വലിയ തിരക്കുണ്ട്.

ഭീകരാക്രമണസാധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. ആശങ്കപ്പെടേണ്ടതില്ലെന്നും, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗവര്‍ണര്‍ സത്യപാൽ മല്ലിക് അറിയിച്ചു. തിരിച്ചിറങ്ങുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പത്താൻകോട്ട് ഡി.സി.പിയെ ചുമതലപ്പെടുത്തി.

കര, വ്യോമ സേനകൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നല്‍കി. ജമ്മു കശ്മീരിലേക്ക് ഈ മാസം 15 വരെയുള്ള വിമാനടിക്കറ്റുകൾ മാറ്റിയെടുക്കാനോ റദ്ദാക്കാനോ തുക ഈടാക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.

അതേസമയം പരാജയങ്ങൾ മറച്ചുവയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആരോപിച്ചു. എന്താണ് നടക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കണമെന്ന് നാഷണൽ കോൺഫറൻസും കേന്ദ്രം ഭയം സൃഷ്ടിക്കുകയാണെന്ന് കോണ്ഗ്രസും പ്രതികരിച്ചു.