India National

ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാംവാരത്തിലേക്ക്

ജമ്മുകശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മൂന്നാം വാരത്തിലേക്ക് കടന്നു. നിയന്ത്രണം തുടരുന്ന ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായെന്നും ഉത്തരവാദികള്‍ക്കതിരെ ഉചിത നടപടിയുണ്ടാകുമെന്നും ജമ്മുകശ്മീര്‍ പ്രിന്‍സിപ്പാള്‍ സെക്രട്ടറി പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ജമ്മു മേഖല കേന്ദ്രീകരിച്ച് 35 പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏതാനും ടെലഫോണ്‍ ലൈനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു ആശയ വിനിമയ സംവനിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ജമ്മുവിലും കത്വയിലും ടു ജി ഇന്റര്‍നെറ്റ് സൌകര്യം ശനിയാഴ്ച പുനഃസ്ഥാപിച്ചിരുന്നെങ്കിലും ഞാറാഴ്ച തന്നെ പിന്‍വലിക്കുകയാണുണ്ടായത്. വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ജമ്മുവില്‍ നടത്തിയ പ്രകടനത്തിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണം വീണ്ടും കടുപ്പിച്ചെതെന്നാണ് സൂചന. മേഖലയില്‍ അക്രമ സംഭവങ്ങളുണ്ടായോ എന്നത് സംബന്ധിച്ച് വിവരം ലഭ്യമല്ല. എന്നാല്‍ നിയന്ത്രണം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായെന്നും ഉചിതമായ നിയമ നടപടി കൈക്കൊണ്ടെന്നും ജമ്മുകശ്മീര്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി പറഞ്ഞു.

സംഘര്‍ഷം സൃഷ്ടിക്കും വിധത്തില്‍ ചിലര്‍ തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇവരെ പ്രത്യേക നരീക്ഷിച്ച് വരികയാണെന്നും ജമ്മു ഡിവിഷന്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ്മയും പറഞ്ഞു. സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും ഇന്നു മുതല്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല.