India National

കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ ബോണ്ട് ഒപ്പിട്ടു വാങ്ങിയതായി റിപ്പോർട്ട്

ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ ബോണ്ട് ഒപ്പിട്ടു വാങ്ങിയതായി റിപ്പോർട്ട്. മോചന ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് ബോണ്ട്. ഹുറിയത്ത്, നാഷ്ണൽ കോൺഫറൻസ്, പി.ഡി.പി നേതാക്കളടക്കം അഞ്ച് പേർ ബോണ്ടിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. ആഗസ്റ്റ് അഞ്ച് മുതൽ ജമ്മു കശ്മീരിൽ മുന്‍ മുഖ്യമന്ത്രിമാരടക്കം മുതിര്‍ന്ന നേതാക്കള്‍ വീട്ടുതടങ്കലിലാണ്. സി.പി.എം നേതാവ് തിരഗാമി മാത്രമാണ് നിയമനടപടിയിലൂടെ മോചിതനായത്.

ശേഷിക്കുന്നവരിൽ ഹുറിയത് നേതാവ് മിർ വായിസ് ഉമർ ഫാറൂഖ്, രണ്ട് നാഷണൽ കോൺഫറൻസ് നേതാക്കൾ, രണ്ട് പി.ഡി.പി നേതാക്കൾ എന്നിവർ മോചനത്തിനായി ബോണ്ടിൽ ഒപ്പുവച്ചു എന്നാണ് റിപ്പോര്‍ട്ട്. മോചന ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയാകില്ലെന്നാണ് ബോണ്ട്. ഇതോടെ രാഷ്ട്രീയ പ്രസംഗങ്ങൾ വരെ ഇവര്‍ക്ക് നടത്താനാകില്ല. ബോണ്ട് ലംഘിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടി നേരിടേണ്ടി വരും. താല്‍ക്കാലിക ജയിലാക്കി മാറ്റിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്‍‍‍റോര്‍ ഹോട്ടലില്‍ തടവില്‍ കഴിയുന്നവരില്‍ 36 നേതാക്കൾ ബോണ്ടിന് തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസില്‍ നിന്നും രാജി വച്ച ഷാ ഫൈസല്‍, പീപ്പിള്‍സ് കോണ്‍ഗ്രസ് നേതാവ് സജ്ജാദ് ലോണ്‍, പി.ഡി.പി നേതാവ് വാഹിദ് പാര അടക്കമുള്ളവര്‍ ഇതില്‍ പെടുന്നു. ആഗസ്റ്റില്‍ 3000ത്തോളം പേര്‍ തടവിലുണ്ടായിരുന്നതായും ഇതില്‍ മൂന്നില്‍ രണ്ട് പേരെ വിട്ടയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷക്കുന്നവരില്‍ ഭൂരിഭാഗവും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവരാണ്. ആറോ എഴോ കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.