India National

കശ്മീര്‍ മധ്യസ്ഥത; പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ്

കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ മധ്യസ്ഥത തേടിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മോദി സര്‍ക്കാരിന് വിമര്‍ശനം. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന കാലങ്ങളായുള്ള നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയോ എന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ട എന്നാണ് കാലങ്ങളായുള്ള ഇന്ത്യയുടെ നിലപാട്. എന്നാല്‍ പാകിസ്താന്റെ നിലപാട് തിരിച്ചായിരുന്നു, ട്രംപിന്റെ വെളിപ്പെടുത്തലില്‍ നിന്ന് പുറത്തുവരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോവുകയാണോ എന്ന ചോദ്യമാണ്. അതാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഉന്നയിക്കുന്നതും. മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോവുകയാണോ, അതല്ലെങ്കില്‍ ട്രംപ് കള്ളം പറയുകയാണെന്ന് വിശ്വസിക്കണോ എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ചോദ്യം.

കശ്മീര്‍ വിഷയത്തില്‍ വിദേശ സഹായം തേടിയ മോദി രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അംഗീകരിക്കാത്ത കാര്യമാണ്. ഇത് ലംഘിക്കാന്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും ധൈര്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറ്റപ്പെടുത്തി.