India National

‘കശ്മീരില്‍ നിയന്ത്രണം അനിവാര്യം’

കശ്മീരിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളെ ന്യായീകരിച്ച് ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി. സംസ്ഥാനത്തെ കലുഷിതമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ ഉള്‍പ്പടെയുള്ളവ അത്യാവശ്യമായിരുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം പറഞ്ഞു. ഒരു ജീവനും നഷ്ടമാകാതിരിക്കാനായിരുന്നു പ്രഥമ പരിഗണനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീരിൽ മീഡിയ റൂം തുറന്നിട്ടുണ്ട്. യാത്രയിലടക്കം ചില ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് മുതൽ സർക്കാർ സ്ഥാപനങ്ങളും, വിദ്യാലങ്ങൾ തിങ്കളാഴ്ച്ച മുതലും തുറക്കും. ടെലഫോൺ സർവീസ് ഘട്ടങ്ങളായി പുനസ്ഥാപിക്കും. ആഗസ്റ്റ് 15 ന് സുരക്ഷ ശക്തമാക്കിയത് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പിനെ തുടർന്നാണെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി.

നിലവിൽ 12 ജില്ലകളിലും സാഹചര്യം ശാന്തമാണ്. ടെലഫോൺ സർവീസുകളും മറ്റ് വാർത്താവിനിമയ സൗകര്യങ്ങളും ഇന്ന് രാത്രി മുതല്‍ ഘട്ടങ്ങളായി പുനസ്ഥാപിക്കുമെന്നും ബി.വി.ആർ സുബ്രമണ്യം അറിയിച്ചു. അതിനിടെ ജമ്മുകശ്മീര്‍ വിഷയത്തിലെ കേന്ദ്ര തീരുമാനങ്ങള്‍ക്കെതിരായ ഹരജികളില്‍ ഗുരുതര പിഴവുകളുണ്ടെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ഇതുസംബന്ധമായി ആറ് ഹരജികളുണ്ട്. ഇവയെ എല്ലാം ബാധിക്കുമെന്നതിനാൽ പിഴവുകളുടെ പേരിൽ ഹരജി തള്ളുന്നില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

കശ്മീരിന് പ്രത്യേക പദവി എടുത്ത് മാറ്റിയതിനെയും, വിഭജിച്ചതിനേയും ചോദ്യം ചെയ്തുള്ള എല്ലാ ഹരജികളും ഒന്നിച്ച് പരിഗണിക്കാൻ കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.