ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം 144 കുട്ടികള്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ട് സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും.
ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ ശേഷം കശ്മീരില്‍ വ്യാപകമായി അറസ്റ്റുകള്‍ നടക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മു കശ്മീര്‍ ഡി.ജി.പി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആഗസ്റ്റ് അഞ്ചിന് ശേഷം 144 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.
ചില കുട്ടികളെ കസ്റ്റഡിയില്‍ എടുത്ത ദിവസം തന്നെ വിട്ടയക്കുകയും ബാക്കിയുള്ളവരെ സംസ്ഥാന ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കുകയും ഒബ്സര്‍വേഷന്‍ എന്ന പേരില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികളും ഉള്‍പ്പെടുന്നു. പക്ഷെ, കസ്റ്റഡിയില്‍ ഉള്ളവരുടെയോ മോചിപ്പിച്ചവരുടെയോ കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ജമ്മു കശ്മീര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി മിഷന് ഡയറക്ടര്‍ നല്കിയ കണക്കുകളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആഗസ്റ്റ് അഞ്ചിന് ശേഷം നിരീക്ഷണ റൂമുകളില്‍ 46 കുട്ടികളെ എത്തിച്ചെന്നും 27 പേരെ ജാമ്യത്തില്‍ വിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരില്‍ കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്ത് തടവില്‍ പാര്‍പ്പിക്കുന്നെന്ന് ആരോപിച്ച് സാമൂഹിക പ്രവര്ത്ത ഏനാക്ഷി ഗാംഗുലി നല്കിയ പരാതിയിലാണ് ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി നല്കിയ പരാതിയിലാണ് സുപ്രിം കോടതി റിപ്പോര്‍ട്ട് ചെയ്തത്.