India National

ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതിയില്‍

ജമ്മു കശ്മീർ കേസുകൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പ്രത്യേക പദവി നീക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലും കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ഹരജിയിലും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ്‌.എ. ബോബ്‌ഡെ, എസ്‌. അബ്ദുൽ നസീർ എന്നിവരാണ് കശ്മീർ കേസുകൾ പരിഗണിക്കുന്ന ബഞ്ചിലെ മറ്റു അംഗങ്ങൾ. ജമ്മു കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങളായ 370, 35A എന്നിവയെ അപ്രസക്തമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എൽ. ശർമയാണ് ഹരജി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളും രാഷ്ട്രപതിയുടെ വിജ്ഞാപനവും ഭരണഘടനാവിരുദ്ധമാണ്. വിജ്ഞാപനം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. കശ്മീരിൽ ഇന്റർനെറ്റ് അടക്കമുള്ള ആശയ വിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണെന്നും മാധ്യമപ്രവർത്തനം വെല്ലുവിളിയായി തീർന്നിരിക്കുന്നുവെന്നും കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിൻ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

താഴ് വരയിൽ മാധ്യമ സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീരിൽ നിരോധനാഞ്ജയും കടുത്ത നിയന്ത്രണങ്ങളും തുടരുന്നതിനിടെയാണ് സുപ്രിം കോടതി ഈ കേസുകൾ പരിഗണിക്കുന്നത്. നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹരജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നെങ്കിലും ഉത്തരവിറക്കാൻ തയ്യാറായിരുന്നില്ല. നിയന്ത്രണങ്ങൾ നീക്കി കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാരിന് സമയം അനുവദിക്കണം എന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ നിലപാട്.