കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു
രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോ൪ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകൾ. കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂ൪ നേരത്തെ കേസുകളടക്കം രാജ്യത്തെ ആകെ കോവിഡ് കേസുകൾ 767296 ആയി. മരണം 21129ഉം. എന്നാൽ രാജ്യത്തെ കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് ഉത്ത൪പ്രദേശിലെ എൻജിഒ പ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസിങിൽ പ്രധാനമന്ത്രി പറഞ്ഞു. 269789 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 476377 ആയി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. മഹാരാഷ്ട്രയിലെ മരണം 9500 ൽ താഴെയും കോവിഡ് കേസുകൾ രണ്ടേകാൽ ലക്ഷത്തോടടുക്കുകയുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച മുംബൈയിലെ മാത്രം മരണം അയ്യായിരം കടന്നു. താനെയിലെ കോവിഡ് കേസുകൾ അമ്പതിനായിരവും. ഇന്ന് രാജസ്ഥാനിൽ 149 പേ൪ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7 മരണവും. രാജ്യത്ത് കോവിഡ് പരിശോധന ശക്തമായി തുടരുകയാണ്. ഇന്നലെ മാത്രം പരിശോധിച്ചത് രണ്ടര ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം 1,07,40,832 ആയെന്ന് ഐസിഎംആ൪ അറിയിച്ചു. ഡൽഹിയിൽ പ്ലാസ്മ തെറാപിയും ആന്‍റിജെൻ പരിശോധനയും നടക്കുന്നുണ്ട്.