India National

ഹിജാബ് ധരിച്ചും ഇല്ലാതെയും വിദ്യാർത്ഥികൾ; ഉഡുപ്പിയിൽ വിദ്യാലയങ്ങൾ തുറന്നു

ഉഡുപ്പിയിൽ സ്കൂളുകളും കോളജുകളും വീണ്ടും തുറന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. അതേസമയം നിയന്ത്രണങ്ങളോടെ പ്രദേശത്ത് നിരോധനാജ്ഞ മാർച്ച് 21 വരെ തുടരും. ഹൈക്കോടതി വിധിക്ക് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. സ്‌കൂൾ, കോളജ് യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്.

ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടുകയായിരുന്നു. റംസാന്‍ കാലത്ത് ഹിജാബ് ധരിക്കാന്‍ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍ വിനോദ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്.