India National

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ റെയ്ഡ്; പിടിച്ചെടുത്തത് 5 കോടി

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കോടികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇതുവരെ അഞ്ചു കോടി രൂപ പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. വ്യാഴാഴ്ചയാണ് ജി പരമേശ്വരയുടെ വസതിയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലും മുന്‍കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ സ്വകാര്യ മെഡിക്കല്‍ കോളജിലുമടക്കം റെയ്ഡ് നടന്നത്.

നീറ്റ് പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ടാക്‌സ് തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമാണ് റെയ്‌ഡെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരമേശ്വരയുടെ ഓഫീസ്, വസതി, ഇന്‍സ്റ്റിറ്റിയൂഷന്‍, എന്നിവയ്ക്ക് പുറമെ സഹോദരന്‍ ജി ശിവപ്രസാദിന്റെയും പിഎ രമേശിന്റേയും വസതികളിലും തെരച്ചില്‍ നടത്തി.

അതേസമയം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ചുള്ളതാണ് റെയ്‌ഡെന്ന് ആരോപിച്ച്‌ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിഷയം നിയമസഭയിലടക്കം ഉന്നയിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.