കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പറയുക. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എ മാരുടെ ആവശ്യം. രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നാണ് സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.
കര്‍ണാടക നിയമ സഭയില്‍ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സഖ്യത്തിനും വിമത എം.എല്‍.എമാര്‍ക്കും ബി.ജെ.പിക്കും ഇന്നത്തെ ഉത്തരവ് അതി നിര്‍ണ്ണായകം. രാജി അംഗീകരിക്കാൻ സ്‌പീക്കർക്ക് നിർദേശം നൽകണം എന്നാണ് 15 വിമത എം.എല്‍.എമാരുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചാല്‍ കുമാര സ്വാമി സര്‍ക്കാര്‍ വീഴും. എന്നാല്‍ ഒരേസമയം രാജിക്കത്ത് സ്വീകരിക്കാനും അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കാനും സ്പീക്കർക്ക് കോടതി അനുമതി നൽകിയാൽ സര്‍ക്കാര്‍ക്കാരിന് പിന്നെയും പ്രതീക്ഷക്ക് വകയുണ്ടാകും. രാഷ്ട്രീയ സ്ഥിതിഗതികളില്‍ മാറ്റം വന്നേക്കാം. കേസിന്റെ ഭരണഘടന വശങ്ങള്‍ ഇന്നലെ സുപ്രിം കോടതി വിശദമായി പരിശോധിച്ചിരുന്നു. രണ്ട് ഭാഗത്തിന്റെയും വാദങ്ങള്‍ക്ക് ബലമുണ്ടെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സ്പീക്കര്‍ എന്ത് തീരുമാനം എടുക്കണം എന്ന് നിര്‍ദ്ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
എന്നാല്‍ എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം വൈകിയതിനെയും കോടതി വാദത്തിനിടെ ചോദ്യം ചെയ്തു. കൂറ് മാറ്റ നിരോധന നിയമമവുമായി ബന്ധപ്പെട്ട് സ്പീക്കർമാർക്ക് വലിയ അധികാരം നല്‍കികൊണ്ടുള്ള സുപ്രിം കോടതിയുടെ മുന്‍പത്തെ വിധി വിശദമായി പരിശോധിക്കേണ്ട സാഹചര്യം ആണ് ഇപ്പോഴുള്ളത് എന്ന് ശ്രദ്ധേയ നിരീക്ഷണവും ഇന്നലെ കോടതിയില്‍ നിന്നുണ്ടായി. എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറുടെ മേല്‍ സമയം നിശ്ചയിക്കുന്നതിന് പോലും കോടതിക്ക് ഭരണഘടനാപരമായ പരിമിതിയുണ്ടെന്നാണ് സ്പീക്കറുടെ പ്രധാന വാദം.