സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തി. അമിത്ഷാ അടക്കമുള്ള ദേശീയ നേതാക്കളെ കണ്ടെങ്കിലും തീരുമാനമായില്ല. വൈകീട്ട് വീണ്ടും ചര്‍ച്ച നടക്കുമെന്ന് എം.എല്‍.എ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
ഇന്ന് രാവിലെതന്നെ നിമയസഭാ കക്ഷി യോഗം ചേര്‍ന്ന്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കും എന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇതുവരെ പച്ചകൊടി കാട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരായ ജഗദീഷ് ഷെട്ടാര്‍, ബസ്വരാജ് ബൊമ്മയ്, അരവിന്ദ് ലിംബാവലി അടക്കമുളളവര്‍ ഡല്‍ഹിയില്‍ എത്തിയത്. ആഭ്യന്തര മന്ത്രി അമിത്ഷായുമായും, പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെ. പി നദ്ധയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. പക്ഷെ, തീരുമാനമായില്ല. വൈകീട്ട് വീണ്ടും വിശദ ചര്‍ച്ച നടക്കുമെന്നും ബി.ജെ.പി പാര്‍ലമെന്‍റി ബോര്‍ഡാണ് അന്തിമ തീരുമാനം എടുക്കുക എന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
സുസ്ഥിര സര്‍ക്കാരായിരിക്കണം അധികാരത്തില് വരേണ്ടത് എന്ന നിലപാടിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. അത് കൊണ്ട് തന്നെ പാര്‍ട്ടിയിലെ ബി.എസ് യെദ്യൂരപ്പ വരുദ്ധ പക്ഷത്തിന്‍റെ ആവശ്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടിവരും. പുറമെ സ്വതന്ത്ര എം.എല്‍.എമാരുടെ മന്ത്രി സ്ഥാനം, അയോഗ്യത ഭീഷണി നേരിടുന്ന വിമതരുടെ കാര്യം തുടങ്ങിയ വിഷയങ്ങളാണ് ദേശീയ നേതൃത്വത്തെ കുഴക്കുന്നത് എന്നാണ് സൂചന.
എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പുറത്തായെങ്കിലും രാഷ്ട്രീയ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ബി.ജെ.പി ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നാണ് സൂചന. ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ വിമത എം.എല്‍.എമാരുടെ അയോഗ്യത വിഷയത്തില്‍ തീരുമാനം വരുന്നത് വരെ ബി.ജെ.പി കാത്തിരിക്കാനാണ് സാധ്യത.