കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് കർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. 10 ന് രാവിലെ ആറു മണിക്ക് ലോക്ക് ഡൗൺ ആരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഫലപ്രദമാകാത്തതിനെ തുടർന്നാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും രാവിലെ ആറു മുതൽ 10 വരെ തുറക്കും. രാവിലെ പത്തുമണിക്ക് ശേഷം ആരെയും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അതേസമയം ലോക്ക് ഡൗൺ താത്കാലിക തീരുമാനം മാത്രമാണെന്നും അതിനാൽ അയൽ സംസ്ഥാനത്തുനിന്ന് വന്ന് കർണാടകയിൽ ജോലി ചെയ്യുന്ന ആൾക്കാർ തിരികെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളം, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യം.