India National

‘കന്നട നാടകം’ തുടരുന്നു; മന്ത്രിസഭാ പുനഃസംഘടനയിലും വഴങ്ങാതെ എം.എല്‍.എമാര്‍, നിര്‍ണ്ണായക കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തീർക്കാനാകാതെ കോൺഗ്രസ്. സമ്പൂർണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവച്ച എം.എൽ.എമാരെ ഒപ്പം കൂട്ടാൻ സർക്കാറിന് ഇനിയും സാധിച്ചിട്ടില്ല. മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വർധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്.

കന്നട രാഷ്ട്രീയത്തിൽ ഭരണവുമായി മുന്നോട്ട് പോകാനുള്ള കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ചുവടുമാറ്റമാണ്. രാജി വെച്ച മന്ത്രിമാരായ എച്ച്. നാഗേഷും ആർ.ശങ്കറും ബി.ജെ.പി പാളയത്തിൽ എത്തി കഴിഞ്ഞു. കോൺഗ്രസ് വിട്ട് ബി.ജെപി.യിലേക്ക് പോകുകയാണെന്ന് കോൺഗ്രസ് എം.എൽ.എ റോഷൻ ബെയ്ഗും പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രിസഭ രൂപീകരിയ്കാനുള്ള കേവല ഭൂരിപക്ഷം ഇപ്പാൾ ഉള്ളത് ബി.ജെ.പിയുടെ കൈവശമാണ്‌. സംസ്ഥാനത്തിന് പുറത്ത് റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാരിലാണ് ഇനിയുള്ള സർക്കാറിന്റെ പ്രതീക്ഷ. ചുരുങ്ങിയത് ഏഴ് പേരെയെങ്കിലും തിരികെയെത്തിക്കാൻ ശ്രമിച്ചാൽ ഭരണം നിലനിർത്താൻ സാധിക്കും.

രാജി നൽകിയ രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി, അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരെ കൂടെ കൂട്ടി, ഭരണം നിലനിർത്താനാണ് കോൺഗ്രസ് ലഷ്യമിടുന്നത്. ഇന്ന് രാവിലെ നടക്കുന്ന കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ഏറെ നിർണായകമാണ്. യോഗത്തിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുംബൈയിലേക്ക് എം.എൽ.എമാരുമായി ചർച്ച നടത്താൻ പോയ ഡി.കെ.ശിവകുമാറിലാണ് സർക്കാറിന്റെ പ്രതീക്ഷകൾ. ഇതും പാളിയിൽ കർണാടകയിൽ ബി.ജെ.പി അധികാരത്തിലെത്തും.