കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ . സ്പീക്കര്‍ രാജി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയും വിമതര്‍ക്കെതിരെ സ്പീക്കര്‍ സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിക്കും. സ്പീക്കറുടെ അധികാര പരിധി ഉള്‍പ്പെടെ കര്‍ണാടക പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഭരണഘടന വിഷയങ്ങളും കോടതിയുടെ പരിഗണനയിലുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിമത എം.എല്‍.എമാരില്‍ പലരും അയോഗ്യരാക്കപ്പെടും എന്ന് വന്നതോടെ രാജി സമര്‍പ്പിക്കുകയായിരുന്നു എന്നാണ് സ്പീക്കറുടെ വാദം. ചിലരുടെ രാജിയില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ട്. സ്വമേധയാ ആണോ രാജിക്ക് പിറകില്‍ സമ്മര്‍ദ്ദമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. അത് ഭരണഘടനാ പരാമായ ഉത്തരവാദിത്വാണന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറയുന്നു. . ഈ വാദത്തിന്റെ സാധുത കോടതി പിരശോധിക്കും . ഇത്തരം ഭരണഘടന വിഷയങ്ങളില്‍ വാദം പറയാന്‍ കോടതി കഴിഞ്ഞ തവണ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പീക്കറെ നേരിട്ട് കണ്ട് നല്‍കിയ രാജി ആയതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ലെന്നാണ് വിമത എം എല്‍ എമാരുടെ വാദം. ആദ്യം പത്ത് എം.എല്‍.എമാരാണ് കോടതിയെ സമീപിച്ചിരുന്നത്. എം.ടി.ബി നാഗരാജ് അടക്കം 6 പേര്‍ കൂടി പിന്നീട് ഹരജി നല്‍കിയിരുന്നു. ഈ രണ്ട് ഹരജികളും ഇന്ന് ഒന്നിച്ച് പരിഗണിക്കും.