കർണാടകയിൽ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. വിമതപക്ഷത്തെ നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇന്ന് സഭയിൽ എത്തി ബി.ജെ.പി എങ്ങനെയാണ് കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് വിമതരോട്, മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.
സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാൻ താല്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ വോട്ടിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അംഗം എൻ.മഹേഷ് തീരുമാനം മാറ്റി. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിർദ്ദേശം വന്നതിനാലാണിത്.