India National

കര്‍ണാടക പ്രതിസന്ധി; കളത്തിലിറങ്ങി ബി.ജെ.പി, ഇന്ന് ഗവര്‍ണറെ കാണും

കര്‍ണാടകയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ നിലപാടിനെതിരെ ബി.ജെ.പി രംഗത്തിറങ്ങുകയാണ്. എം.എല്‍.എമാരുടെ രാജി സ്വീകരിയ്ക്കാതെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സ്പീക്കര്‍ നിഷേധിച്ച സാഹചര്യത്തില്‍, വീണ്ടും രാജി നല്‍കാന്‍ മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കും.

പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നെങ്കിലും സ്പീക്കറുടെ ഇടപെടലിലൂടെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കപ്പെട്ടതിന്റെ പ്രതിഷേധത്തിലാണ് ബി.ജെ.പി. ഇന്ന് രാവിലെ 11.30ന് വിദാന്‍ സൌദയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍, കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഗവര്‍ണറെ കാണും. ന്യൂനപക്ഷമായ സര്‍ക്കാറിനെ തുടരാന്‍ അനുവദിയ്ക്കരുതെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കണമെന്നും ആവശ്യപ്പെടും.

രാജി വെച്ച എം.എല്‍.എമാരുമായുള്ള കോണ്‍ഗ്രസിന്റെ സമവായ ശ്രമങ്ങളും തുടരും. ഡി.കെ. ശിവകുമാര്‍ ഇന്ന് വീണ്ടും മുംബൈയിലേയ്ക്ക് പോകും. 12 മണിയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തി, എംഎല്‍എമാരെ കാണാനാണ് ശ്രമം. എട്ട് എം.എല്‍.എമാരുടെ രാജിയ്ക്ക് നിയമ സാധുതയില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞ സാഹചര്യത്തില്‍ വീണ്ടും രാജി നല്‍കാന്‍, മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇന്നെത്തുമാണ് സൂചന. അങ്ങിനെയെങ്കില്‍ ശിവകുമാറിന്റെ മുംബൈ സന്ദര്‍ശനത്തിന് ഫലമില്ലാതെയാകും.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ബംഗളൂരുവില്‍ എത്തിയ ഗുലാം നബി ആസാദ് ഇന്നലെ രാത്രി, സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി. പരമേശ്വര തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. സമയം കൂടുതല്‍ ലഭിച്ച സാഹചര്യത്തില്‍, രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിച്ച് ഭരണം തുടരാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതൃത്വം.