കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ നിലനിര്‍ത്താനുളള അവസാനവട്ട ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. തിരികെയെത്തുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിയ്ക്കുന്ന രാമലിംഗ റെഡ്ഡിയാണെങ്കില്‍ ഇനിയും തീരുമാനം പറഞ്ഞിട്ടില്ല. അതിനിടെ, വിമത എം.എല്‍.എ, റോഷന്‍ ബെയ്ഗിനെ പ്രത്യേക പൊലിസ് സംഘം കസ്റ്റഡിയിലെടുത്തു.
ഐ.എം.എ ജുവലറി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈയിലേയ്ക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചായിരുന്നു പൊലിസ് നടപടിയെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റു ചെയ്തു. നിക്ഷേപകരുടെ രണ്ടായിരത്തോളം രൂപയുമായി കടന്ന, ഐ.എം.എ ജുവല്ലറി ഉടമ, മുഹമ്മദ് മന്‍സൂര്‍ ഖാന്‍, റോഷന്‍ ബെയ്ഗിനെതിരെ നാനൂറ് കോടി രൂപയുടെ ആരോപണം ഉന്നയിച്ചിരുന്നു. അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് മുഖ്യമന്ത്രി ആരോപിയ്ക്കുന്നത്.
യെദ്യൂരിയപ്പയുടെ പി.എ സന്തോഷും ബി.ജെ.പി എം.എല്‍.എ യോഗേശ്വറും ബെയ്ഗിനൊപ്പമുണ്ടായിരുന്നുവെന്നും പൊലിസിനെ കണ്ടപ്പോള്‍ സന്തോഷ് കടന്നുകളഞ്ഞുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരാളെ കൂടി തിരിച്ചെത്തിയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കാണ് വീണ്ടും തിരിച്ചടി നേരിട്ടത്. ബംഗളൂരുവിലുള്ള രാമലിംഗ റെഡ്ഡിയുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമെല്ലാം നിരവധിവട്ട ചര്‍ച്ചകള്‍
നടത്തിയിരുന്നു. ബിജെപിയും റെഡ്ഡിയെ പാര്‍ട്ടിയിലേയ്ക്ക് എത്തിയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നലെ സ്പീക്കര്‍ രമേഷ് കുമാറിനെ കാണുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതുണ്ടായില്ല. സ്പീക്കറെ കാണാന്‍ വീണ്ടും റെഡ്ഡി സമയം ചോദിച്ചിട്ടുണ്ട്. അതിനു ശേഷമായിരിയ്ക്കും രാമലിംഗറെഡ്ഡി മനസുതുറക്കുക. കൂടാതെ, ആനന്ദ് സിങ്, റോഷന്‍ ബെയ്ഗ് എന്നിവരെ തിരികെയെത്തിയ്ക്കാനും കോണ്‍ഗ്രസ് ശ്രമിയ്ക്കുന്നുണ്ട്. ഇവര്‍ മൂന്നു പേരുടെ പിന്തുണ ലഭിച്ചാലും സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിയ്ക്കില്ല. രാമലിംഗ റെഡ്ഡിയെ തിരികെയെത്തിച്ചാല്‍ വിമതപക്ഷത്തുള്ള കൂടുതല്‍ പേര്‍ എത്തുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
സമാനമായ ശ്രമങ്ങള്‍ ജെ.ഡി.എസും നടത്തുന്നുണ്ട്. ഇതിനൊപ്പം പ്രത്യക്ഷ പ്രതിഷേധവും ആരംഭിച്ചു. രാജിവെച്ച മണ്ഡ്യയിലെ എം.എല്‍.എ നാരായണ ഗൌഡയുടെ ഓഫിസിലേയ്ക്ക് ഇന്നലെ ജെ.ഡി.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വരും ദിവസങ്ങളിലും ഇതു തുടരാനാണ് തീരുമാനം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യ, ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും മുംബൈയിലേയ്ക്ക് പോയി വിമതരെ കാണാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.