പണം വാഗ്ദാനം ചെയ്ത് ഭരണപക്ഷ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി വീണ്ടും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. ബി.ജെ.പി ഇന്നലെ രാത്രി വന്‍ തുക വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ സമീപിച്ചുവെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചു.
നേരത്തെ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയ കുതിരക്കച്ചവടവുമായി ബി.ജെ.പി ഇപ്പോഴും മുന്നോട്ടുപോവുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. എന്നാല്‍ തങ്ങളുടെ എം.എല്‍.എമാര്‍ പണം നിരസിച്ചുവെന്നും കുമാരസ്വാമി വ്യക്തമാക്കി. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം
കര്‍ണാടകയെ മുൾമുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ നാടകം ഏതാണ്ട് ഒരാഴ്ചയാണ് നേരത്തെ നീണ്ടുനിന്നത്. കോണ്‍ഗ്രസും മറുകരുനീക്കങ്ങള്‍ നടത്തിയതോടെയാണ് ഇതിന് അയവ് വന്നത്. മുഖ്യമന്ത്രി കുമാരസ്വാമി തന്നെ ആരോപണവുമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ പ്രതിസന്ധി തിരിച്ചെത്തുന്നതായാണ് സൂചന. നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുന്നണി വിടും എന്ന വാര്‍ത്തകളുണ്ടായപ്പോള്‍ അവ മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണം. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി തന്നെ ബി.ജെ.പിയുടെ കുതിരക്കച്ചവടം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.