കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നിർണായക ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. അതീവ സുരക്ഷയിലാണ് വോട്ടെടുപ്പ്. വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് പാർട്ടികൾ.
സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപനവും ബി.ജെ.പി വിരുദ്ധ നിലപാടിലേക്ക് ജെ.ഡി.എസ് എത്തിയതുമാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് ആറ് സീറ്റുകൾ മതി. കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ സർവെ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലവുമാണ്.
12 സീറ്റുകളെങ്കിലും നേടി ജെ.ഡി.എസിനൊപ്പം ഭരണം തുടരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അയോഗ്യരാക്കപ്പെട്ട 13 വിമതർ ബി.ജെ.പിക്കായി മത്സര രംഗത്തുണ്ട്. ഇവർക്ക് സീറ്റ് നൽകിയതിൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾക്ക് തന്നെ അതൃപ്തിയുണ്ട്. ഇതെല്ലാം അനുകൂലമായി മാറുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ശക്തമായ സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ബംഗളുരു നഗരം ഉൾപ്പെട്ട നാല് മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.