India National

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ നീക്കം സജീവമാക്കി ബി.ജെ.പി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ നീക്കം സജീവമാക്കി ബി.ജെ.പി രംഗത്ത്. ഗവര്‍ണറെ കൂട്ടുപിടിച്ച് ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്സഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. 14 എം.എല്‍.എമാര്‍ രാജി വച്ചതോടെ കര്‍ണാടകയില്‍ കടുത്ത ഭരണ പ്രതിസന്ധിയാണ് ഉടലെടുത്തത്. ഈ അവസരം മുതലെടുക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി രംഗത്തെത്തി. ബി.എസ് യെദ്യൂരപ്പയുടെ വീട്ടില്‍ ചേരുന്ന യോഗത്തില്‍ ബി.ജെ.പി സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ചയാവും. അധികാരമുപയോഗിച്ച് ബി.ജെ.പി ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനാധിപത്യ സമ്പ്രദായത്തെ ബി.ജെ.പി വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി.ഡി കെ. സുരേഷ് പറഞ്ഞു.

രാഷ്ട്രീയ അസ്ഥിരത തുടരുന്ന സാഹചര്യത്തില്‍ ബദര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ബി.ജെ.പി പാളയത്തിലും സജീവമാണ്. രാവിലെ മുതല്‍ തന്നെ ബി.എസ് യെദ്യൂരപ്പയുടെ വീട്ടില്‍ പ്രമുഖ നേതാക്കള്‍ യോഗം ചേര്‍ന്നു. ശോഭ കരന്തലാജെ ഉള്‍പ്പെടെയുള്ള നേതാക്കളെ യോഗത്തിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എച്ച്. നാഗേഷിനെ സ്വാഗതം ചെയ്ത ബി.ജെ.പി ഭൂരിപക്ഷം നഷ്ടപെട്ട എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ എത്രയും പെട്ടന്ന് രാജി വയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കര്‍ണാടകയിലെ പ്രതിസന്ധി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത് സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി.