കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് വോട്ടെടുപ്പും ഡിസംബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എം.എൽ.എമാരുടെ ഹർജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി മാറ്റിയത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ കർണാടകയിലെ 15 സീറ്റുകളും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എം.എല്‍.എമാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.
ഒന്നുകിൽ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നായിരുന്നു ആവശ്യം. കേസ് പരിഗണിക്കവെ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തടസമില്ലെന്ന് സ്പീക്കർ വ്യക്‌തമാക്കി. തുടർന്ന് കോടതിവിധി വരുന്നത് വരെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇതു പ്രകാരം ഡിസംബർ അഞ്ചിന് വോട്ടെടുപ്പും ഡിസംബർ ഒന്പതിന് വോട്ടെണ്ണലും നിശ്ചയിച്ചതായി കമ്മീഷൻ വിജ്ഞാപനമിറക്കി. വിമതരുടെ ഹർജിയിൽ അടുത്തമാസം ഇരുപത്തിരണ്ടിന് വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.