India National

കാർഗിൽ വിജയത്തിന് രണ്ട് പതിറ്റാണ്ട്

കാർഗിൽ യുദ്ധത്തിന്റെ ദീപ്തസ്മരണകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട്. 1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെയാണ്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്ന്. കാർഗിൽ യുദ്ധം. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം ആദ്യം കണ്ടത്. വിവരം സൈന്യത്തെ അറിയിച്ചു. അപ്പോഴേക്കും മഞ്ഞിനെ മറ പറ്റി പലഭാഗത്തും നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം മുന്നേറിയിരുന്നു. ഇന്ത്യൻ സൈന്യം ഉടൻ ഓപ്പറേഷൻ വിജയ് ആരംഭിച്ചു. ശത്രുവിനോടും കാലാവസ്ഥയോടും മല്ലടിച്ചുള്ള പോരാട്ടം. കര നാവിക വ്യോമ സേനകൾ ഒരുമിച്ച് അണിനിരന്നു. 1999 മെയ് രണ്ടുമുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം.

പോരാട്ടത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 527 സൈനികരെ. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാർഗിൽ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ജൂലൈ 14ന് പാകിസ്താൻ മേൽ ഇന്ത്യ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു. ദ്രാസ് മേഖലയിലെ മഞ്ഞുമൂടിയ മലനിരകളിൽ രാജ്യം വിജയക്കൊടി പാറിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു.ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത യുദ്ധ വിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്.