India National

കുമാരസ്വാമി മന്ത്രിസഭ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടിയേക്കും

കര്‍ണാടകയിലെ കുമാരസ്വാമി മന്ത്രിസഭ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടിയേക്കും. സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അനുനയ ശ്രമങ്ങള്‍ക്കായി കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് ഇനി, കോണ്‍ഗ്രസ് – ജെ.ഡി.എസ് പക്ഷത്തിന്റെ കൈവശമുള്ളത്. തിങ്കളാഴ്ച സഭാനടപടികള്‍ പൂര്‍ത്തീകരിയ്ക്കുമെന്ന ഭരണപക്ഷ നിലപാടിനെ ബി.ജെ.പി സ്വാഗതം ചെയ്തു. ഗവര്‍ണറുടെ നിലപാടുകളും വരുന്ന മണിക്കൂറുകളില്‍ നിര്‍ണായകമാണ്.

വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍, അനാവശ്യമായി നീട്ടാന്‍ സാധിയ്ക്കില്ലെന്ന നിലപാടില്‍ സ്പീക്കര്‍, രമേഷ് കുമാര്‍ എത്തിയതോടെയാണ് ഭരണപക്ഷം തീരുമാനമെടുത്തത്. തിങ്കളാഴ്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ചൊവ്വാഴ്ച വിശ്വാസം തേടാമെന്ന സര്‍ക്കാര്‍ നിലപാടിനെ സ്പീക്കര്‍ അംഗീകരിച്ചില്ല. അതുകൊണ്ടുതന്നെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കാനുള്ള സ്പീക്കറുടെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. എല്ലാം തിങ്കളാഴ്ച അവസാനിക്കുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്ക്കുമെന്നും പ്രതിപക്ഷ നേതാവ് ബി.എസ്.യെദിയൂരപ്പ പറഞ്ഞു. തുടർച്ചയായി രണ്ട് നിർദ്ദേശങ്ങൾ നൽകിയിട്ടും ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമി തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ഗവർണർ വാജുഭായ് വാല എടുക്കുന്ന തീരുമാനം നിർണായകമാകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഗവര്‍ണര്‍ ഇന്നലെ ഇടക്കാല റിപ്പോർട്ട്‌ നൽകിയിരുന്നു. രണ്ടു ദിവസത്തെ സഭാനടപടികള്‍ നിരീക്ഷിച്ച ശേഷമായിരുന്നു ഇത്.

തിങ്കളാഴ്ച വോട്ടെടുപ്പ് പൂർത്തിയാക്കുമെന്ന് ഭരണപക്ഷം പ്രഖ്യാപിച്ച സാഹചര്യത്തില്‍, ബിജെപി ഇനി ഗവർണറുടെ ഇടപെടൽ തേടിയേക്കില്ല. എങ്കിലും, മന്ത്രിസഭയുടെ കാര്യത്തില്‍ സസ്പെന്റഡ് അനിമേഷനോ, പിരിച്ചുവിടല്‍ നടപടികളിലേക്കോ ഗവർണർ കടക്കാനും സാധ്യതയേറെയാണ്. സഭ, അവധിയിലുള്ള രണ്ടു ദിവസം കൂടി നീട്ടി ലഭിച്ചതോടെ, അനുനയ നീക്കങ്ങൾക്കുള്ള അവസാന സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. വിമതരില്‍ പ്രമുഖനായ, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്, രാമലിംഗ റെഡ്ഡി തിരിച്ചെത്തിയതു മാത്രമാണ് സഖ്യത്തിന് ആശ്വാസമായുള്ളത്. മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയും രാമലിംഗ റെഡ്ഢിയും വിമതരെ കാണാൻ മുംബൈയിലേക്ക് പോകുമെന്ന സൂചനകളുമുണ്ട്. ആനന്ദ് സിംഗ്, ഗോപാലയ്യ, മുനിരത്ന, കെ.സുധാകർ എന്നീ വിമതരെ ലക്ഷ്യമിട്ടാണ് കോൺഗ്രസ്‌ -ജെ.ഡി.എസ് നീക്കം. ബി.എസ്.പി അംഗം മഹേഷിന്റെ സാന്നിധ്യം സഭയിൽ ഉറപ്പാക്കാനും ശ്രമമുണ്ട്.