India National

മുന്നറിയിപ്പുമായി കണ്ണൻ ഗോപിനാഥൻ ഐ.എ.എസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് മുൻ ഐ.എ.എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. മുംബൈയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതനായതിനു ശേഷം, ബിഹാറിലെ അരാരിയയിൽ നടന്ന പ്രക്ഷോഭത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം കുറിച്ചത്.

‘അരാരിയയിൽ ഇന്ന് നടന്നതാണിത്. ഇതൊരു തുടക്കം മാത്രമാണ് മിസ്റ്റർ അമിത് ഷാ. ഈ രാജ്യവും അതിന്റെ കരുത്തും നിങ്ങൾ മനസ്സിൽ കരുതിയതിനും രണ്ടാംകിട കുടിലതക്കും അപ്പുറത്താണെന്ന് മനസ്സിലാക്കുക.’

ഇന്നലെ പൗരത്വ ഭേദഗതി ബില്ലിനെതിരായ റാലിയിൽ പങ്കെടുക്കാനെത്തിയ കണ്ണൻ ഗോപിനാഥനെ മുംബൈ മറൈൻ ഡ്രൈവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ കസ്റ്റഡിയിലെടുത്ത വിവരം വൈകീട്ട് ഏഴു മണിക്കു ശേഷം അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തി. എന്നാൽ വിദ്യാർത്ഥികളടക്കമുള്ള പ്രക്ഷോഭകാരികൾ പൊലീസ് സ്റ്റേഷനിൽ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് അധികം വൈകാതെ അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. ‘മുംബൈ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ എഗയ്ന്‍സ്റ്റ് കമ്മ്യൂണല്‍ കാബ്’ ലോങ് മാര്‍ച്ചില്‍ അദ്ദേഹം പങ്കെടുത്തു.

തന്നെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥി നേതാവ് ഫഹദ് അഹമ്മദിനും കണ്ണൻ നന്ദി രേഖപ്പെടുത്തി. ‘ഇത് നമ്മൾ പോരാടുന്ന യുദ്ധമാണ്, ഈ യുദ്ധത്തിൽ നമ്മൾ ജയിക്കും.’ അദ്ദേഹം ട്വീറ്റ് ചെയ്തു.

കശ്മീരിന്റെ പ്രത്യേകാവകാശ നിയമങ്ങൾ എടുത്തുകളഞ്ഞ നരേന്ദ്ര മോദി സർക്കാറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥ് ഔദ്യോഗിക പദവികളിൽനിന്ന് രാജിവെച്ചത്.