ബേഗുസരായി മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥി കനയ്യ കുമാറിന്റെ പത്രികാ സമര്‍പ്പണത്തില്‍ ശ്രദ്ധേയമായത് നജീബിന്റെ മാതാവ് നഫീസയുടെ സാന്നിധ്യം. ടീസ്റ്റ സെറ്റില്‍വാദ്, ഗുജറാത്തിലെ ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി, ജെ.എന്‍.യു യൂണിയന്‍ നേതാവ് രാമനാഗ, വനിതാ നേതാവ് ശഹ്‌ലാ റഷീദ് എന്നിവരും പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം ജെ.എന്‍.യു സമരസഖാക്കളായിരുന്ന അനിര്‍ഭന്‍ ഭട്ടാചാര്യയുടെയും ഉമര്‍ ഖാലിദിന്റെയും അസാന്നിധ്യവും ശ്രദ്ധേയമായി .
ബീഹട്ട് ഗ്രാമത്തിലെ വസതിയില്‍ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാലത്ത് ഒന്‍പത് മണിയോടെയാണ് കനയ്യ കുമാര്‍ കലക്ടറേറ്റിലേക്ക് പുറപ്പെട്ടത്. അലങ്കരിച്ച തുറന്ന വാഹനത്തില്‍ കനയ്യയും ജിഗ്നേഷ് മേവാനിയും തൊട്ടു പുറകിലെ വാഹനത്തില്‍ ജെ.എന്‍.യു വില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബിന്റെ മാതാവ് നഫീസ, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ്, ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരും അനുഗമിച്ചു. കനയ്യയുടെ പോരാട്ടം ബേഗുസരായിക്കു വേണ്ടി മാത്രമല്ല രാജ്യത്തിനു വേണ്ടിയാണെന്നായിരുന്നു ജിഗ്നേഷ്ന്റെ പ്രതികരണം. ബേഗുസരായി നഗരത്തെ സ്തംഭിപ്പിച്ച വാഹനവ്യൂഹം വൈകുന്നേത്തോടെയാണ് നിരത്തൊഴിഞ്ഞത്.