India National

പുല്‍വാമയും കാണ്ഡഹാര്‍ വിമാന റാഞ്ചലും തമ്മിലെ ബന്ധം..?

ചാവേര്‍ ആക്രമണത്തിന്‍റ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് എറ്റെടുക്കുമ്പോള്‍ ഓര്‍മിക്കപ്പെടുന്നത് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കൂടിയാണ്. 1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ഇന്ത്യക്ക് മോചിപ്പിക്കേണ്ടി വന്നത്. വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരം ഭീകരരെ കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ വാജ്പേയി സര്‍ക്കാരായിരുന്നു.

പാര്‍ലമെന്‍റ് ആക്രണത്തിലും പഠാന്‍കോട്ട് ഭീകരാക്രമണത്തിലും ഇപ്പോള്‍ നടന്ന അവന്തിപുര ചാവേര്‍ ആക്രമണത്തിലുമെല്ലാം ഇന്ത്യ വിരല്‍ ചൂണ്ടുന്നത് മസൂദ് അസറിനും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനും നേരെയാണ്. എന്നാല്‍ ഐക്യരാഷ്ടസഭ സുരക്ഷാസമിതിയുടെ ആഗോള ഭീകരരുടെ പട്ടികയില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഓരോ തവണ അന്തരാഷ്ട്രതലത്തില്‍ വിഷയം ഉയര്‍ത്തുമ്പോഴും ചൈനയാണ് വിലങ്ങു തടിയായി നിന്നിട്ടുള്ളത്.

പാര്‍ലമെന്‍റ് ആക്രണത്തിലും പഠാന്‍കോട്ട് ഭീകരാക്രമണത്തിലും ഇപ്പോള്‍ നടന്ന അവന്തിപുര ചാവേര്‍ ആക്രമണത്തിലുമെല്ലാം ഇന്ത്യ വിരല്‍ ചൂണ്ടുന്നത് മസൂദ് അസറിനും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനും നേരെയാണ്.

പുല്‍വാമയിലെ അവന്തിപുരയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ വീണ്ടും ആ ശ്രമങ്ങള്‍ പുനരാരംഭിക്കുകയാണ്. എന്നാല്‍ ജെയ്ഷെ മുഹമ്മദ് ഒരിക്കല്‍ കൂടി രാജ്യത്തെ സൈനികരുടെ ജീവനെടുത്ത് ആക്രമണം നടത്തുമ്പോള്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ വിസ്മരിക്കാതിരിക്കാനാകില്ല. അന്ന് ഇന്ത്യന്‍ വിമാനമായ ഐ.സി 814 റാഞ്ചിയ ഭീകരര്‍ പകരം ആവശ്യപ്പെട്ടത് തടവില്‍ ആയിരുന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെയായിരുന്നു. മസൂദിനൊപ്പം മുഷ്താഖ് അഹമ്മദ്, ഒമര്‍, ഷെയ്ഖ് എന്നീ ഭീകരരെയും ഇന്ത്യക്ക് വിട്ട് നല്‍കേണ്ടി വന്നു. അധികാരത്തിലിരുന്ന വാജ്പേയ് സര്‍ക്കാരാണ് മസൂദ് അസറിനെ വിട്ട് നല്‍കി കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.

വിമാനം തട്ടിയെടുത്ത ഭീകരര്‍ കാണ്ഡഹാറില്‍ വിമാനം ഇറക്കിയപ്പോള്‍ താലിബാന്‍ സംരക്ഷണം നല്‍കി. ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷടാവായ അജിത്ത് ഡോവലായിരുന്നു അന്ന് ഇന്‍റലിജന്‍സ് ബ്യൂറോ തലവനും ഭീകരരുമായി ചര്‍ച്ച നടത്തിയ സംഘത്തെ നയിച്ചത്. മസൂദ് അസറിനെ വിട്ടുകൊടുക്കാനുള്ള വാജ്പേയ് സര്‍ക്കാരിന്‍റെ അന്നത്തെ തീരുമാനത്തിന് വ്യപാകമായ വിമര്‍ശനമാണ് ഏറ്റത്.