രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി സിപിഐ നേതാവ് കനയ്യ കുമാർ. ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കുമാർ കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ച നടന്നത് ചൊവ്വാഴ്ച്ചയായിരുന്നു.കോൺഗ്രസ് പ്രവേശനത്തെ പറ്റിയും ചർച്ച നടന്നു.
അതേസമയം പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് പ്രവേശനം സ്ഥിരീകരിക്കാൻ കനയ്യ തയ്യാറായില്ല. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്.
പാർട്ടി കൂടുതൽ ശക്തിപ്പെടുത്താൻ ജനകീയ നേതാക്കളെ കോൺഗ്രസിലെത്തിക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കനയ്യ കുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അസ്വസ്ഥനായിരുന്ന കനയ്യ സി.പി.ഐ നേതൃത്വവുമായി അത്ര രസത്തിലല്ല.
കനയ്യയെ കോൺഗ്രസിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പാർട്ടിയുടെ ഉന്നതതലത്തിൽ ഗൗരവമായ ചർച്ച നടക്കുകയാണെന്നും എന്നാൽ എങ്ങനെ, എപ്പോൾ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.