തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമൽനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കമല്‍നാഥിന്റെ താരപ്രചാരക പദവി കമീഷൻ റദ്ദാക്കി. മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനെ മാഫിയ എന്നു പരാമര്‍ശിച്ചതുള്‍പ്പെടയുള്ളതിനാണ് നടപടി. കമൽനാഥ് ഇനി പ്രചാരണത്തിനെത്തുമ്പോൾ മുഴുവൻ ചെലവും മണ്ഡലത്തിലെ സ്ഥാനാർത്ഥി വഹിക്കേണ്ടി വരും. ബിജെപി സ്ഥാനാർഥി ഇമർത്തി ദേവിക്കെതിരെ കമല്‍നാഥ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.
മധ്യപ്രദേശില്‍ അടുത്തയാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചട്ടലംഘനം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിലേക്ക് പോയതോടെ ഒഴിവുവന്നവയാണ് ഇവയില്‍ മിക്കതും. കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിട്ട് ഭരണം പിടിച്ച ബിജെപിക്ക് എട്ട് സീറ്റുകളിലെങ്കിലും വിജയിച്ചാലെ ഭരണം നിലനിര്‍ത്താനാകൂ. എന്നാല്‍ 28 സീറ്റുകളിലും വിജയിക്കാനായാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനാവും. അതിനാല്‍ തന്നെ വാശിയേറിയ പ്രചാരണമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നടക്കുന്നത്.