മോസര്‍ ബെയര്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന രതുല്‍ പുരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് അറസ്റ്റ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അനന്തിരവനാണ് അറസ്റ്റിലായ രതുല്‍പുരി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 354.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് കമല്‍നാഥിന്‍റെ അനന്തരവന്‍ രതുല്‍പുരി, നിതാ പുരി, ദീപക്ക് പുരി എന്നിവര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
ആഗസ്റ്റ് 16നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സി.ബി.ഐക്ക് ബാങ്കിനെ കബളിപ്പിച്ചതായി പരാതി നല്‍കിയത്. രതുല്‍ പുരി എക്സിക്യൂട്ടീവ് ഡയറക്ടറായി നില്‍ക്കുന്ന മോസര്‍ ബെയര്‍ കമ്പനിക്ക് വേണ്ടിയാണ് ഇത്ര വലിയ തുക വെട്ടിച്ചത്. വഞ്ചന, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രതുല്‍ പുരിക്ക് കീഴിലുള്ള മോസര്‍ ബെയര്‍ കമ്പനി ഡി.വി.ഡി, സി.ഡി, എന്നിവയുടെ വില്‍പ്പനരംഗത്തെ മുന്‍നിര കമ്പനിയാണ്. 2009 മുതല്‍ കമ്പനിയുടെ നില പ്രതിസന്ധിയിലായതോടെ വിവിധ ബാങ്കുകളില്‍ നിന്നും ലോണുകള്‍ സ്വീകരിച്ചു വരികയായിരുന്നു.