India National

പാകിസ്താന് വേണ്ടി ചാരപ്പണിയും തീവ്രവാദത്തിന് ധനസഹായവും; മുന്‍ ബജ്റംഗ് ദള്‍ നേതാവ് അറസ്റ്റില്‍, പൊറുക്കില്ലെന്ന് മുഖ്യമന്ത്രി

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയ കേസിൽ മുൻ ബജ്റംഗ് ദൾ നേതാവ് ബൽറാം സിങ് ഉൾപ്പെടെ നാല് പേരെ മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയും ചാരപ്പണിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും അവര്‍ക്ക് ഏത് രാഷ്ട്രീയ സംഘടനയുമായാണ് ബന്ധമുള്ളതെന്ന് വിഷയമാകില്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി.

സത്‌ന ജില്ലയിൽ നിന്നാണ് ബല്‍റാം സിങിനെയും മറ്റു മൂന്നുപേരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ ആസ്ഥാനമാക്കിയുള്ള ചാരവൃത്തി ശൃംഖലയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ബല്‍റാം സിങിനെ പൊലീസ് കസ്റ്റഡിയിൽ അയച്ചു. പ്രതികൾ പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്തിട്ടുണ്ടെന്നും അവിടുത്ത ചില ശൃംഖലകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും തന്ത്രപരമായ വിവരങ്ങൾ പങ്കുവെച്ചതായും അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയതായും തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

പാകിസ്താനിലെ ചാരവൃത്തി ശൃംഖലയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകനായ ധ്രുവ് സക്സേനയ്‌ക്കൊപ്പം 2017 ലും സിങ് അറസ്റ്റിലായിരുന്നു. എന്നാൽ, സിങ് ഉൾപ്പെടെ അറസ്റ്റിലായ 15 പേരിൽ 13 പേരെ മധ്യപ്രദേശ് ഹൈക്കോടതി 2018 ൽ ജാമ്യത്തിൽ വിട്ടിരുന്നു. മോചിതനായ ശേഷം സിങ് ഒരു പുതിയ സംഘത്തിനൊപ്പം സത്‌നയിൽ വേറൊരു തീവ്രവാദ സഹായ റാക്കറ്റ് സ്ഥാപിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ”ബല്‍റാം സിങിന് ബജ്റംഗ് ദളുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക്ക് അറിയില്ലെന്നും രാജ്യത്തെ സുരക്ഷാ ഏജൻസികള്‍ കര്‍ശന നടപടിയെടുക്കണമെന്നും ബി.ജെ.പി വക്താവ് രജനിഷ് അഗർവാൾ പറഞ്ഞു.