India National

അരങ്ങേറ്റത്തില്‍ വരവറിയിച്ച് കമല്‍ഹാസന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതി മയ്യം’ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മക്കള്‍ നീതി മയ്യത്തിന്‍റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പില്‍ എം.എന്‍.എം തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 39 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. അതില്‍ 12 നിയോജക മണ്ഡലത്തിലും മൂന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്കായി. ഈ മുന്നേറ്റത്തില്‍ കമല്‍ ഹാസന്‍ സംതൃപ്തനാണ്. പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ‘ഈ മുന്നേറ്റം ജനങ്ങള്‍ നേടിതന്നതാണ്. യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ അവര്‍ വോട്ട് ചെയ്തു. അവരുടെ പിന്തുണക്കും വിശ്വാസത്തിനും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു’ പാര്‍ട്ടിയുടെ ചെന്നൈയിലെ ഓഫീസില്‍ വെച്ച് സംസാരിക്കവെ കമല്‍ ഹാസന്‍ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളേക്കാള്‍ നഗര-വ്യവസായ മേഖലകളിലാണ് എം.എന്‍.എമ്മിന് കൂടുതല്‍ മുന്നേറ്റം നടത്താനായത്. ഓരോ മണ്ഡലത്തിലും 10 മുതല്‍ 12 ശതമാനം വരെ വോട്ട് നേടാന്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി. ചെന്നൈ നോര്‍ത്ത്, ചെന്നൈ സൗത്ത്, സെന്‍ട്രല്‍ ചെന്നൈ, കോയമ്പത്തൂര്‍, ശ്രീപെരുമ്പുത്തൂര്‍, തിരുവള്ളൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, മധുര, പൊള്ളാച്ചി, പുതുച്ചേരി എന്നിവയാണ് എം.എന്‍.എം സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍. ഇതില്‍ ശ്രീപെരുമ്പുത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ശ്രീധര്‍ ലക്ഷങ്ങളുടെ വോട്ട് സ്വന്തമാക്കിയാണ് മൂന്നാം സ്ഥാനം പിടിച്ചത്.

താനൊരു അഭിനേതാവ് ആണ്, രാഷ്ട്രീയത്തെ തൊഴിലായി കാണാന്‍ കഴിയില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തന്‍റെ കടമയാണെന്നും കമല്‍ ഹാസന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. തമിഴ്നാടിനെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുകയാണ് മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

നരേന്ദ്രമോദിയുടെ വിജയത്തെ അദ്ദേഹം അഭിനന്ദിക്കുന്നു. ‘ഒരു തമിഴ് പൌരന്‍ എന്ന നിലയിൽ അദ്ദേഹത്തോട് ഒരു അഭ്യര്‍ത്ഥനയേയുള്ളൂ. മറ്റ് സംസ്ഥാനങ്ങളോടൊപ്പം തമിഴ്നാട്ടിലെ ജനങ്ങളുടെ കൂടി പിന്തുണയോടെയാണ് ഈ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞത്. നമ്മുടെ കർഷകരെ ബാധിക്കാത്ത തരത്തിലുള്ള പദ്ധതികള്‍ സർക്കാർ കൊണ്ടുവരണം. ഹൈഡ്രോകാർബൺ, മീഥേൻ തുടങ്ങിയ പദ്ധതികൾ ഞങ്ങള്‍ എതിർക്കുന്നില്ല പക്ഷേ സംസ്ഥാനത്തെ ഡെൽറ്റാ മേഖലകളിൽ അത് നടപ്പിലാക്കുന്നത് കാർഷിക പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. മറ്റുരാജ്യങ്ങള്‍ എങ്ങനെയാണ് ഇതുപോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് എന്ന് സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.